കേന്ദ്ര ഗവൺമെൻ്റിൻ്റെ വികസനപദ്ധതികളും, ജനക്ഷേമപദ്ധതികളും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ചിരിക്കുന്ന വികസിത് ഭാരത് സങ്കൽപ്പ യാത്ര കോട്ടയം ജില്ലയിൽ ഡിസംബർ ഒന്നിന് പര്യടനം തുടങ്ങും. ജില്ലയിലെ 71 ഗ്രാമ പഞ്ചായത്തുകളിലും വികസിത് ഭാരത് സങ്കൽപ്പ യാത്ര എത്തിച്ചേരും. ഒരു ദിവസം രണ്ടു ഗ്രാമ പഞ്ചായത്തുകളിലെ ഓരോ കേന്ദ്രങ്ങളിൽ യാത്ര എത്തിച്ചേരും.
വെള്ളിയാഴ്ച രാവിലെ 10.30 ന് മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രജ്ഞിത്ത് ജി, മീനാര വന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് മുൻ എം പി സുരേഷ് ഗോപി ഈ യാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്നതായിരിക്കും. 2024 ജനുവരി 16 ന് പള്ളിക്കത്തോട്ടിൽ പര്യടനം സമാപിക്കും.
ജില്ലാ ലീഡ് ബാങ്കിൻ്റെ നേതൃത്വത്തിൽ നബാർഡ്, റബർ ബോർഡ്, എഫ് എ സി ടി, സി ബി സി, എൻ ഐ സി, കൃഷി വിജ്ഞാൻ കേന്ദ്ര, തപാൽ വകുപ്പ്, കൃഷി വകുപ്പ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലയിൽ വികസിത് ഭാരത് യാത്ര സംഘടിപ്പിച്ചിട്ടുള്ളത്. കേന്ദ്ര ഗവൺമെൻ്റിൻ്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ ജനങ്ങളിലെത്തിക്കുകയാണ് പരിപാടിയുടെ മുഖ്യ ലക്ഷ്യം. വിവിധ പദ്ധതികളിൽ ഗുണഭോക്താക്കളെ ചേർക്കുന്നതിന് ഇതോടനുബന്ധിച്ച് ക്യാമ്പുകൾ നടത്തും. ഓരോ ഗ്രാമ പഞ്ചായത്തിലും ബ്രാഞ്ചുകൾ ഉള്ള എല്ലാ ബാങ്കുകളുടെയും പ്രതിനിധികൾ യാത്രക്കൊപ്പവും ക്യാമ്പിലും പങ്കെടുക്കും. കീസാൻ ക്രെഡിറ്റ് കാർഡ്, മുദ്ര, സ്റ്റാൻഡ് അപ് ഇന്ത്യ മുതലായ സ്കീമുകളിൽ അർഹതയുള്ളവർക്ക് ക്യാമ്പിൽ വച്ചു തന്നെ തത്വത്തിൽ അംഗീകാരം നൽകും. കേന്ദ്ര സർക്കാരിൻ്റെ വികസനപദ്ധതികളെ കുറിച്ചും ക്ഷേമ പദ്ധതികളെക്കുറിച്ചും ജനങ്ങൾക്ക് അറിവു നൽകുന്നതിനും ബോധവൽക്കരിക്കുന്നതിനും ഉതകും വിധം യാത്രക്കായി പ്രത്യേകം സജ്ജീകരിച്ച പര്യടനവാഹനത്തിൽ പദ്ധതികൾ സംബന്ധിച്ച എല്ലാ വിവരങ്ങളും ഗുണഭോക്താക്കളുടെ അനുഭവവിരണവും ലഭ്യമാക്കിയിട്ടുണ്ട്.
കാർഷിക മേഖലയിലെ നവീനസാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്നതിൻ്റെ ഭാഗമായി എല്ലാ കേന്ദ്രങ്ങളിലും ഡ്രോൺ പ്രദർശനവും ഉണ്ടായിരിക്കും.പ്രധാനമന്ത്രി ഉജ്ജ്വല യോജന മുലേന അർഹരായവർക്ക് ഗ്യാസ് കണക്ഷൻ എടുക്കുന്നതിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടാകും കൂടാതെ ആധാർ സേവനങ്ങളും ലഭ്യമാകും. ജനസുരക്ഷാ ക്യാമ്പുകളും ഇതോടനുബന്ധിച്ച് നടത്തും.മൂന്നു മേഖലകളായി തിരിച്ച് രാജ്യവ്യാപകമായി നടത്തുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 5 ന് അട്ടപ്പാടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് നിർവ്വഹിച്ചത്