എറണാകുളം : ജനാഭിമുഖ കുർബാന അർപ്പിക്കാനെത്തിയ വികാരിയെ ഒരു വിഭാഗം തടഞ്ഞു. ഇരുവിഭാഗവും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. പൊലീസ് സ്ഥലത്തെത്തി.
എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രധാന പള്ളികളിൽ ഒന്നാണ് കോട്ടക്കാവ് സെൻറ് തോമസ് പള്ളി. രാവിലെ അഞ്ചരയ്ക്കാണ് പള്ളിയിലെ ആദ്യ കുർബാന. നിലവിൽ ജനാഭിമുഖ കുർബാനയാണ് പള്ളിയിൽ നടത്തുന്നത്. രാവിലെ ജനാഭിമുഖ കുർബാന അർപ്പിക്കാനെത്തിയ വികാരി ജോസ് പുതിയേടത്തിനെ ഒരു വിഭാഗം വിശ്വാസികൾ തടയുകയായിരുന്നു.
സിനഡ് നിർദേശിച്ച ഏകീകൃത കുർബാന നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ജനാഭിമുഖ കുർബാനയ്ക്കെതിരെ ഫ്ലക്സുകളെന്തിയാണ് വികാരിയെ തടഞ്ഞത്. അതേസമയം മറ്റൊരു വിഭാഗം വിശ്വാസികൾ നിലവിൽ തുടരുന്ന ജനാഭിമുഖ കുർബാന തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടതോടെ ആണ് വിശ്വാസികൾ തമ്മിൽ വാക്കു തർക്കമുണ്ടായിത്.












































































