ആറളം വന്യജീവി സങ്കേതത്തെ കേരളത്തിലെ ആദ്യത്തെ ചിത്രശലഭ – വന്യജീവി സങ്കേതമാക്കി പുനഃർനാമകരണം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വന്യജീവി ബോർഡ് യോഗം തീരുമാനിച്ചു.
വന്യ ജീവി ട്രോഫികളുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് കൈവശമുണ്ടായിരുന്നവരുടെ മരണശേഷം അവരുടെ നിയമപരമായ അനന്തരാവകാശികൾക്ക് ഇത്തരം ട്രോഫികൾ വിവിധ കാരണങ്ങളാൽ വെളിപ്പെടുത്താൻ സാധിക്കാത്ത കേസുകൾക്ക് ഒരു അവസരം കൂടി നൽകുന്നതിന് കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യും.
കേരളത്തിലെ വിവിധ വന്യജീവി സങ്കേതങ്ങളുടെയും നിർദ്ദിഷ്ട ഇക്കോ സെൻസിറ്റീവ് സോണുകളുടെയും പുറത്തും എന്നാൽ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ളതുമായ വിവിധ സംയോജിത ഉത്പാദന ശൃംഖല, 21 ക്വാറികൾ എന്നിവ അംഗീകരിച്ചു. വയനാട് വന്യ ജീവി സങ്കേതത്തിലെ വനാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്ന 5 കമ്യൂണിറ്റി സെൻററുകളും 5 റോഡുകളും ശുപാർശ ചെയ്യാനും തീരുമാനിച്ചു.
വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ , ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.