കൊച്ചി: സംസ്ഥാന സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ് വൈവിധ്യവത്കരണ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച പുതിയ ഉത്പന്നങ്ങളുടെ സംസ്ഥാനതല ലോഞ്ചിംഗ് തിങ്കളാഴ്ച (മാർച്ച് 9) നടക്കും. ഉച്ചയ്ക്ക് 12.30ന് കളമശ്ശേരി ജിഞ്ചർ ഹോട്ടലിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിക്കും.
'വേമ്പനാട്' ടൈൽ അഡ്ഹസീവ്, 'വേമ്പനാട്' എൽ.സി.3, വൈറ്റ് സിമന്റ് എന്നിവയാണ് പുറത്തിറക്കുന്ന പുതിയ ഉത്പന്നങ്ങൾ. ആധുനിക നിർമ്മാണ മേഖലയിലെ ആവശ്യങ്ങൾ പരിഗണിച്ചാണ് ഇവ വികസിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു.
ചടങ്ങിൽ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിക്കും. ബി.പി.ടി എക്സിക്യൂട്ടീവ് ചെയർമാൻ കെ. അജിത് കുമാർ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ട്രാവൻകൂർ സിമന്റ്സ് ചെയർമാൻ സണ്ണി തെക്കേടം, മാനേജിംഗ് ഡയറക്ടർ ജി. രാജശേഖരൻ പിള്ള എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
ഉൾവശങ്ങളിലെ തറകളിലും ചുവരുകളിലും ടൈലുകൾ ഉറപ്പിക്കാൻ ഉപയോഗിക്കുന്ന സിമന്റ് അധിഷ്ഠിത ഉത്പന്നമായ 'വേമ്പനാട്' ടൈൽ അഡ്ഹസീവ് മികച്ച കരുത്തും ഈടുനിൽപ്പും വാഗ്ദാനം ചെയ്യുന്നതാണ്. പരിസ്ഥിതി സൗഹൃദ നിർമ്മാണ രീതികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പുറത്തിറക്കുന്ന 'വേമ്പനാട്' എൽ.സി.3 വൈറ്റ് സിമന്റ് ലൈംസ്റ്റോൺ കാൽസിൻഡ് ക്ലേ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. സാധാരണ സിമന്റിനെ അപേക്ഷിച്ച് ഉത്പാദന സമയത്ത് കാർബൺ എമിഷൻ 40 ശതമാനം വരെ കുറയ്ക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.













































































