ആലപ്പുഴ കേന്ദ്രീകരിച്ച് വ്യാപകമായി നടന്ന ഇറിഡിയം തട്ടിപ്പില്‍ നാല് പേർ അറസ്റ്റില്‍. ഒരു കുടുംബത്തിലെ നാലു പേരാണ് അറസ്റ്റിലായത്.
നടന്നത് 10 കോടിയുടെ തട്ടിപ്പെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഭീഷണി ഭയന്ന് പലരും പരാതി നല്‍കുന്നില്ലെന്നാണ് കണ്ടെത്തല്‍.
കോടികള്‍ വിലയുള്ള ഇറിഡിയം ലോഹക്കച്ചവടത്തില്‍ പണം മുടക്കിയാല്‍ ഇരട്ടിതുക നല്‍കാമെന്ന്, വാഗ്ദാനം ചെയ്ത് ഹരിപ്പാട് സ്വദേശിയില്‍ നിന്ന് 75.6 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശികളായ സുലഭ ശിവകുമാർ, മകൻ ജിഷ്ണു, മകള്‍ വൈഷ്ണവി, വൈഷ്ണവിയുടെ ഭർത്താവ് സന്ദീപ് എന്നിവരാണ് അറസ്റ്റിലായത്.
10 കോടി രൂപ നല്‍കിയാല്‍ ഇറിഡിയം നല്‍കാമെന്ന് പറഞ്ഞ് തമിഴ്നാട് സ്വദേശികളായ സംഘം തങ്ങളെ സമീപിക്കുകയായിരുന്നു എന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. ഇവർക്ക് നല്‍കാൻ 10 കോടിയോളം രൂപ പ്രതികള്‍ പലരില്‍ നിന്നായി സമാഹരിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ മറ്റാരും ഇതുവരെ പരാതിയുമായി രംഗത്ത് എത്തിയിട്ടില്ല.
പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ.















































































