ആലപ്പുഴ: കിറ്റെക്‌സ് കമ്പനി നിയമലംഘനം നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. കിറ്റെക്‌സ് കമ്പനി നിക്ഷേപകരെ പറ്റിച്ചതിന് സെബി പിഴ ചുമത്തിയതിന്റെയും തുക അടച്ചതിന്റെയും രേഖകൾ ലഭിച്ചു. കമ്പനിക്കെതിരെ നിക്ഷേപകര്‍ നല്‍കിയ പരാതി സമയ ബന്ധിതമായി പരിഹരിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് സെബി നടപടികളിലേക്ക് കടന്നത്. കഴിഞ്ഞ ജനുവരിയില്‍ 11 ലക്ഷം രൂപയാണ് കിറ്റെക്‌സ് കമ്പനി പിഴ ഒടുക്കിയത്.
ട്വന്റി 20 എന്‍ഡിഎയിലേക്ക് പോയത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസിന് പിന്നാലെയാണെന്ന് വാര്‍ത്ത വന്നിരുന്നു. എന്നാല്‍ പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താന്‍ ഫെമ നിയമം ലംഘിച്ചുവെന്ന് തെളിയിക്കാന്‍ കിറ്റക്സ് ഗ്രൂപ്പ് മുതലാളിയും ട്വന്റി 20 പാര്‍ട്ടിയുടെ ചീഫ് കോര്‍ഡിനേറ്ററുമായ സാബു എം ജേക്കബ് വെല്ലുവിളിച്ചിരുന്നു.
ഇ ഡി നോട്ടീസില്‍ പരാമര്‍ശിച്ച എല്ലാകാര്യത്തിലും വ്യക്തത വരുത്തിയിട്ടുണ്ടെന്നും എന്നാല്‍ തന്നോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സാബു എം ജേക്കബ് പറഞ്ഞു. ഇതുവരെ ഒരു സാമ്പത്തിക തിരിമറിയോ പിഴയോ കിറ്റക്സിനുമേല്‍ ഉണ്ടായിട്ടില്ല. മൂന്ന് തവണ തന്നോട് ഹാജരാകാന്‍ പറഞ്ഞുവെന്നത് കളവാണ്. തന്നോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടാല്‍ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു.













































































