തൃശൂര്‍: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഷോളയാര്‍ ഡാം തുറക്കുന്നു. ജലനിരപ്പ് 2661.40 അടിയായതിനെ തുടര്‍ന്നാണു നടപടി. ജലനിരപ്പ് 2663 അടിക്കു മുകളിലായാല്‍ ഇനിയൊരു മുന്നറിയിപ്പ് കൂടാതെ ഡാം തുറന്നു വെള്ളം പെരിങ്ങല്‍ക്കുത്ത് ഡാമിലേക്കും അതു വഴി ചാലക്കുടി പുഴയിലേക്കും ഒഴുക്കുന്നതിനു ജില്ലാ കളക്ടര്‍ അനുമതി നല്കി.
ഇതിനുമുന്നോടിയായി ജില്ലാ കളക്ടര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സെക്കന്റില്‍ പരമാവധി 100 ഘനമീറ്റര്‍ അധികജലം ഡാമില്‍നിന്ന് തുറന്നുവിടുന്നതിനാണ് അനുമതി. ഡാമുകള്‍ തുറന്നാല്‍ പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ചാലക്കുടി പുഴയോരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. ജലം തുറന്നുവിടുമ്പോള്‍ ചാലക്കുടി പുഴയില്‍ രണ്ട് അടി വരെ ജലനിരപ്പ് ഉയരും. പുഴയില്‍ ഇറങ്ങുന്നവരും മീന്‍ പിടിത്തത്തില്‍ ഏര്‍പ്പെടുന്നവരും ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു.
തമിഴ്നാട് ഷോളയാര്‍ ഡാമില്‍നിന്ന് സെക്കന്റില്‍ 500 ഘന അടി ജലം ഒഴുകിയിയെത്തുന്നതിനാലാണു കേരള ഷോളയാറില്‍ ജലനിരപ്പുയര്‍ന്നത്. 2663 അടിയാണ് കേരള ഷോളയാറിന്റെ പരമാവധി ജലനിരപ്പ്. ഇപ്പോഴത്തെ നില പ്രകാരം വ്യാഴാഴ്ച ജലനിരപ്പ് 2663 അടിയാവാനാണു സാധ്യതയെന്ന് കഐസ്ഇബി അറിയിച്ചു.
തമിഴ്നാട് ഷോളയാര്‍ ഡാമിലെ ജലനിരപ്പ് കുറവാണ്. കേരള ഷോളയാറില്‍ സംഭരണശേഷിയുടെ 97.13 ശതമാനം വെള്ളമുണ്ട്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴയില്ല. പെരിങ്ങല്‍ക്കുത്ത് ഡാമില്‍ 419.75 മീറ്ററാണ് ജലനിരപ്പ്.