കുടുംബശ്രീയുടെ നേതൃത്വത്തില്‍ കോട്ടയം ജില്ലയില്‍ സംഘടിപ്പിച്ച വിഷുച്ചന്തകള്‍ക്ക് മികച്ച പ്രതികരണം. ഏപ്രില്‍ 10 മുതല്‍ 14 വരെ നടന്ന മേളകളില്‍ ആകെ 42 ലക്ഷം രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി.
ജില്ലയിലെ 78 സി.ഡി.എസ്. യൂണിറ്റുകള്‍ ചേര്‍ന്നാണ് പഞ്ചായത്തുകളിലും നഗരസഭകളിലും പ്രത്യേക വിപണനമേളകള്‍ ഒരുക്കിയത്. വിഷുക്കാല ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ഈ വിപണനമേളകള്‍.
പായസമേളയും വിഷുക്കിറ്റുകളും മേളയിലെ പ്രധാന ആകര്‍ഷണങ്ങളായി. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കൊപ്പം വിഷരഹിത പച്ചക്കറികള്‍, കൈത്തറി ഉല്‍പ്പന്നങ്ങള്‍, ധാന്യപ്പൊടികള്‍, കറിപ്പൊടികള്‍, ചമ്മന്തിപ്പൊടികള്‍, അച്ചാറുകള്‍ എന്നിവയ്ക്കും മികച്ച ആവശ്യകത ഉണ്ടായി.
കണിക്കൊന്നപ്പൂവും വിവിധ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തിയ വിഷുക്കിറ്റുകള്‍ക്ക് ഏറെ ആവശ്യക്കാരുണ്ടായിരുന്നുവെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍ അറിയിച്ചു.













































































