128 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒളിംപിക്സിലേക്ക് ക്രിക്കറ്റ് മടങ്ങി വരുന്നത്. 1900ത്തിലാണ് ആദ്യമായി ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയത്. അതിനു ശേഷം ക്രിക്കറ്റ് ഒളിംപിക്സിലുണ്ടായിരുന്നില്ല.
പുരുഷ, വനിതാ വിഭാഗങ്ങളായി ആറ് ടീമുകളാണ് ലൊസാഞ്ചലസ് ഒളിംപിക്സിൽ മാറ്റുരയ്ക്കുക. 90 താരങ്ങൾ ഇരു വിഭാഗങ്ങളിലും കളത്തിലെത്തും. ടി20 ഫോർമാറ്റിലായിരിക്കും മത്സരം.
അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ക്രിക്കറ്റടക്കം അഞ്ച് പുതിയ കായിക മത്സരങ്ങൾക്ക് മത്സരാനുമതി നൽകിയിട്ടുണ്ട്. 2028ലെ ഒളിംപിക്സിൽ 351 മെഡൽ പോരാട്ടങ്ങളുണ്ട്. പാരിസ് ഒളിംപിക്സിനെ അപേക്ഷിച്ച് 22 മെഡൽ പോരാട്ടങ്ങൾ കൂടും. 10,500 താരങ്ങളാണ് ഒളിംപിക്സിൽ മാറ്റുരയ്ക്കുക. 2028ൽ 698 താരങ്ങൾ കൂടുതൽ ഉണ്ടാകും.
2022ലെ കോമൺവെൽത്ത് ഗെയിംസിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയിരുന്നു. പിന്നാലെ 2023ലെ ഏഷ്യൻ ഗെയിംസിലും ക്രിക്കറ്റ് ഉൾപ്പെടുത്തി. 14 പുരുഷ ടീമുകളും 9 വനിതാ ടീമുകളുമാണ് ഏഷ്യൻ ഗെയിംസിൽ കളിച്ചത്. ഇരു വിഭാഗങ്ങളിലും ഇന്ത്യയാണ് സ്വർണം സ്വന്തമാക്കിയത്.