നടിയെ ആക്രമിച്ച കേസിലെ വിധിയുടെ ഉള്ളടക്കം ചോര്‍ന്നെന്ന ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായിയുടെ ആരോപണം തള്ളി അസോസിയേഷന്‍.
കേസില്‍ ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെട്ട എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോര്‍ന്നതായി ചൂണ്ടിക്കാണിച്ചാണ് അഡ്വ. യശ്വന്ത് ഷേണായി ചീഫ് ജസ്റ്റിസിന് കത്തയച്ചത്.
പ്രസിഡന്റിന്റെ കത്ത് എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ അറിവോടെയല്ലെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. ജഡ്ജിമാര്‍ക്ക് ചോദ്യം ചെയ്യപ്പെടാനാകാത്ത വിശ്വാസ്യതയുണ്ടെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.
ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം ആറുപേരെ കുറ്റക്കാരായി പ്രസ്താവിച്ച വിധിയുടെ ഉള്ളടക്കം വിധി പ്രഖ്യാപിക്കും മുമ്പ് ഊമക്കത്തായി ലഭിച്ചെന്നായിരുന്നു അഡ്വ. യശ്വന്തിന്റെ പരാതി.
ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് യശ്വന്ത് ഷേണായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയത്. ഊമക്കത്തിന്റെ പകര്‍പ്പ് അടക്കമായിരുന്നു അസോസിയേഷന്‍ പ്രസിഡന്റിന്റെ പരാതി












































































