ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്നും താൻ പുറത്താക്കപ്പെട്ടതിന്റെ കാര്യം വ്യക്തമാക്കുകയാണ് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ഇർഫാൻ പത്താൻ. എംഎസ് ധോണിയുടെ കീഴിൽ കളിക്കുമ്പോഴായിരുന്നു പത്താൻ തഴയപ്പെട്ടത്. ആ സമയത്ത് നടന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് പത്താനിപ്പോൾ.
2005ൽ അരങ്ങേറ്റം കുറിച്ചത് മുതൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന അദ്ദേഹത്തിന് പക്ഷെ 2009ൽ തിരിച്ചടിയേൽക്കുകയായിരുന്നു. ടെസ്റ്റിൽ നിന്നും ഒരു വർഷം മുമ്പ് തന്നെ പുറത്താക്കപ്പെട്ട അദ്ദേഹം 2009ൽ ഏകദിനത്തിൽ നിന്നും പുറത്തായി. മൂന്ന് വർഷത്തോളമാണ് പത്താൻ തിരിച്ചുവരവിന് വേണ്ടി കാത്തിരുന്നത്.
'2009ൽ ഞങ്ങൾ ന്യൂസിലാൻഡ് പരമ്പര കളിക്കുന്നതിന് മുമ്പ് ശ്രീലങ്കക്കെതിരെ ഞാനും യൂസുഫും ഒരു കളി ജയിപ്പിച്ചിട്ടുണ്ട്. ആ മത്സരത്തിൽ 27-28 പന്തിൽ നിന്നുമാണ് ഞങ്ങൾ 60 റൺസോളം നേടിയത്. എന്നാൽ ന്യൂസിലാൻഡിൽ ആദ്യ മൂന്ന് മത്സരത്തിലും ഞാൻ ബെഞ്ചിലിരുന്നു. നാലാം മത്സരം മഴ മൂലം സമനിലയിൽ പിരിഞ്ഞു. അഞ്ചാം മത്സരത്തിലും എനിക്ക് കളിക്കാൻ സാധിച്ചില്ല. അപ്പോൾ ഞാൻ ഗാരി കേഴ്‌സ്റ്റണോട് എന്തിനാണ് എന്നെ പുറത്താക്കിയതെന്ന്‌ചോദിച്ചു. ഞാൻ എന്തേലും പുരോഗമിക്കാനാണോ എന്നറിയാൻ ആണ്. എന്താണ് ഞാൻ പുറത്താകുന്നത് എന്ന് എനിക്ക് അറിയണമായിരുന്നു. ഇതൊന്നും എന്റെ കയ്യിലല്ലെന്നായിരുന്നു ഗാരി പറഞ്ഞത്. പിന്നെ ആരുടേതാണെന്ന് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി നൽകിയില്ലെങ്കിലും ആരുടേതാണെന്ന് എനിക്ക് അറിയാമായിരുന്നു. ക്യാപ്റ്റനാണല്ലോ പ്ലേയിങ് ഇലവൻ തിരഞ്ഞെടുക്കുന്നത്. ധോണിയായിരുന്നു അന്ന് നായകൻ. എന്നെ പുറത്താക്കിയ തീരുമാനം മോശമായിരുന്നുവെന്നോ നല്ലതായിരുന്നുവെന്നോ ഞാൻ പറയില്ല. ഒരു ക്യാപ്റ്റന് ടീമിനെ നിയന്ത്രിക്കുന്നതിന് അവരുടേതായ രീതിയുണ്ട്,' പത്താൻ പറഞ്ഞു. 2012ലാണ് പത്താൻ ഇന്ത്യക്ക് വേണ്ടി അവസാനമായി ഏകദിനത്തിൽ കളിച്ചത്. 2020ൽ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുകയും ചെയ്തു.