അബുദാബിയിലെ ലുലു ഹൈപ്പർമാർക്കറ്റില്‍ വൻ സാമ്പത്തിക തട്ടിപ്പ്. കോടിക്കണക്കിന് രൂപയുമായി ജീവനക്കാരൻ കടന്നുകളഞ്ഞു. ഖാലിദിയ മാള്‍ ശാഖയിലെ ക്യാഷ് ഓഫീസില്‍ നിന്ന് ഏകദേശം 6,60,000 ദിർഹം ( 1,80,000 യുഎസ് ഡോളർ, 1.62 കോടി രൂപ) കാണാതായതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്.15 വർഷത്തിലേറെയായി സ്ഥാപനത്തില്‍ പ്രവർത്തിക്കുന്ന 38 വയസുകാരനാണ് പണവുമായി മുങ്ങിയത്.
ഇയാള്‍ക്കായിരുന്നു ക്യാഷ് ഓഫീസിൻ്റെ ചുമതല. ക്യാഷ് ഓഫീസിലെ ഫണ്ടില്‍ കാര്യമായ കുറവ് കണ്ടെത്തിയതോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. പണം നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയതോടെ ലുലു ഗ്രൂപ്പ് അബുദാബി പോലീസിലും ജീവനക്കാരന്റെ നാട്ടിലുള്ള പോലീസ് സ്റ്റേഷനിലും പരാതി നല്‍കി. ലുലു ഗ്രൂപ്പ് അധികൃതർ ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആണ്. തട്ടിപ്പ് കണ്ടെത്തിയ ദിവസം ഇയാള്‍ ഓഫീസിലും വന്നിരുന്നില്ല. മാത്രമല്ല ഇയാളുടെ വീട്ടുകാരേയും കാണാനില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. സാമ്പത്തിക രേഖകള്‍, നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍, ഡിജിറ്റല്‍ അടയാളങ്ങള്‍ എന്നിവ അധികാരികള്‍ വിശദമായി പരിശോധിക്കും. യു എ ഇയിലെ റീട്ടെയില്‍ മേഖലകളില്‍ കർശന നിരീക്ഷണവും നിയന്ത്രണങ്ങളും ഉണ്ട്.
അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങള്‍ അപൂർവമാണെന്ന് ആഭ്യന്തര വൃത്തങ്ങള്‍ പറയുന്നു. വലിയ റീട്ടെയില്‍ സ്ഥാപനങ്ങളില്‍ പണം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയാണ് ഇത്തരം സംഭവങ്ങള്‍ എടുത്തുകാണിക്കുന്നത്. ക്യാഷ് ഓഫീസുകള്‍, പ്രത്യേകിച്ച് ഉയർന്ന വിറ്റുവരവുള്ള സ്ഥാപനങ്ങളില്‍, കർശനമായ ഓഡിറ്റ്, പരിശോധനാ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ബാഹ്യ മോഷണങ്ങളെക്കാള്‍ , ആഭ്യന്തര മോഷണം വലിയ വെല്ലുവിളി ഉയർത്താറുണ്ടെന്ന് സുരക്ഷാ വിദഗ്ദ്ധർ പറഞ്ഞു. തട്ടിപ്പുകള്‍ തടയുന്നതിനും കണ്ടെത്തുന്നതിനും ഡിജിറ്റല്‍ ട്രാക്കിംഗ്, തത്സമയ നിരീക്ഷണം, എന്നിവയുള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങള്‍ റീട്ടെയ്ല്‍ മേഖലയില്‍ നിർണായകമാണെന്ന് റീട്ടെയില്‍ വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടി. യുഎഇ പോലുള്ള രാജ്യങ്ങളില്‍, കമ്പനികള്‍ കർശനമായ മേല്‍നോട്ടത്തിലാണ് പ്രവർത്തിക്കാറുള്ളത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ തിരിച്ചറിഞ്ഞാല്‍ വളരെ പെട്ടെന്ന് നടപടിയുണ്ടാകാറുണ്ടെന്നും അധികൃത വ്യക്തമാക്കി. അതേസമയം കുറ്റം കണ്ടെത്തിയാല്‍ കടുത്ത ശിക്ഷാനടപടികളായിരിക്കും കുറ്റക്കാർ നേരിടേണ്ടി വരിക. തടവ്, പിഴ, നാടുകടത്തല്‍ എന്നിങ്ങനെയുള്ള ശിക്ഷാനടപടികളാണ് സ്വീകരിക്കുക.















































































