തലസ്ഥാനത്ത് ഹോട്ടലിൽ നടന്ന ഡിജെ പാർട്ടിക്കിടെ കൂട്ടത്തല്ല്. നഗരത്തിലെ ഹോട്ടലിൽ സംഘടിപ്പിച്ച പാർട്ടിക്കിടെയാണ് രണ്ടു സംഘങ്ങളായി തിരിഞ്ഞ് തമ്മിലടി നടന്നത്. ലഹരി കേസിലെ പ്രതിയും കൊലപാതക കേസിലെ പ്രതിയുമെല്ലാം പാർട്ടിയിൽ പങ്കെടുത്തു. സംഭവത്തിൽ തിരുവനന്തപുരം പാളയത്തെ സൗത്ത് പാർക്ക് ഹോട്ടലിന് പോലീസ് നോട്ടീസ് നൽകി.
അടിപിടിയിൽ ആരും പരാതി നൽകിയിട്ടില്ലെങ്കിലും പോലീസ് സ്വമേധയാ കേസെടുക്കും. പാളയത്തെ ഹോട്ടലിലും ഇതിനുപിന്നാലെ റോഡിലും ചേരിതിരിഞ്ഞ് അടി നടന്നു. റോഡിൽ നടന്ന തല്ലിനാണ് പോലീസ് സ്വമേധയാ കേസെടുക്കുക. ഡിജെ പാർട്ടി സംഘടിപ്പിച്ച് തല്ലുണ്ടായ സാഹചര്യത്തിലാണ് പോലീസ് ഹോട്ടലിന് വിശദീകരണം തേടി നോട്ടീസ് അയച്ചത്.