ഖത്തറിലെ അല്‍ ഉദെയ്ദിലുള്ള യുഎസ് സൈനിക താവളത്തിനു നേരെ ഇറാന്‍ ആക്രമണം നടത്തിയതിനെതുടര്‍ന്ന് യുഎഇയും ഖത്തറും കുവൈറ്റും ബഹ്‌റൈനും വ്യോമപാത അടച്ചു. കേരളത്തില്‍ നിന്നു ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ റദ്ദാക്കി. യാത്ര പുറപ്പെടാനിരുന്ന പല സര്‍വീസുകളും അനിശ്ചിതമായി വൈകുകയാണ്. അപ്രതീക്ഷിതമായി ഇന്ന് രാത്രിയിലാണ് വ്യോമപാത അടച്ചതായുള്ള ഉത്തരവ് പ്രാബല്യത്തില്‍ വന്നത്.
ഗള്‍ഫ് മേഖലയിലേക്കുള്ള എല്ലാ വിമാനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും വൈകുകയും ചെയ്തതോടെ വിമാനത്താവളങ്ങളില്‍ നിരവധി യാത്രക്കാരാണ് കുടുങ്ങിയത്. രാത്രി വൈകിയും പല വിമാനങ്ങളിലും യാത്രക്കാര്‍ ഇരിപ്പ് തുടരുകയാണ്. അപ്രതീക്ഷിതമായ പ്രതിസന്ധിയായതിനാല്‍ എന്തു ചെയ്യണമെന്ന് അറിയാത്ത പ്രതിസന്ധിയിലാണ് വിമാനക്കമ്പനികളും യാത്രക്കാരും.
കൊച്ചി-റിയാദ് വിമാനം റദ്ദാക്കി. തിരുവനന്തപുരത്ത് നിന്ന് രാത്രി 10 മണിയോടെ ബഹ്‌റൈനിലേക്കു പുറപ്പെട്ട ഗള്‍ഫ് എയര്‍ വിമാനം യാത്രയ്ക്കിടെ തിരിച്ചുമടങ്ങി. ദുബായിലേക്കും ദമാമിലേക്കുമുള്ള എയര്‍ ഇന്ത്യ സര്‍വീസുകളും അനിശ്ചിതമായി വൈകുകയാണ്.
കൊച്ചിയില്‍ നിന്ന് ഖത്തറിലേക്ക് വൈകുന്നേരം അഞ്ചു മണിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മസ്‌കറ്റിലേക്ക് തിരിച്ചുവിട്ടു. കൊച്ചിയില്‍ നിന്ന് രാവിലെ 5 മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യയുടെ ദോഹയിലേക്കുള്ള വിമാനം റദ്ദാക്കി. നാളെ രാവിലെ 5 മണിക്ക് കൊച്ചി വിമാനത്താവളത്തില്‍ എത്തേണ്ടിയിരുന്ന ഖത്തര്‍ എയര്‍വേയ്സ് വിമാനം അനിശ്ചിതമായി വൈകുമെന്ന് അറിയിച്ചിട്ടുണ്ട്.
കണ്ണൂരില്‍നിന്ന് തിങ്കളാഴ്ച രാത്രി 7.15-ന് ദോഹയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി. കൊച്ചിയില്‍ നിന്ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എയര്‍ അറേബ്യ വിമാനം വൈകുന്നു. കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്കുള്ള എത്തിഹാദ് വിമാനം തിരിച്ചുവിളിച്ചു. എല്ലാ യാത്രക്കാരും വിമാന സര്‍വീസുകളുടെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്ന് തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങള്‍ അറിയിച്ചു.