തിരുവനന്തപുരം: അർബുദത്തെ ചെറുക്കുന്നതിനായി പ്രതിരോധ ചികിത്സ, ജീവിതശൈലി മാറ്റങ്ങള്‍, പ്രാദേശിക ആവശ്യങ്ങള്‍ക്കനുസൃതമായ ഗവേഷണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കണമെന്ന് ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടന്ന ഗ്ലോബല്‍ സമ്മിറ്റ് ഓണ്‍ പ്രിവന്റീവ് ഓങ്കോളജി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി, സമ്മിറ്റ് ചെയർമാൻ ഡോ. എം.വി. പിള്ള, ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മല്‍, പണ്ഡിറ്റ് ദീനദയാല്‍ സർവ്വകലാശാല വി.സി പ്രൊ.ഡോ. എസ് സുന്ദർ മനോഹര്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ബേബി മാത്യു സോമതീരം തുടങ്ങിയ പ്രമുഖർ വേദിയില്‍ സന്നിഹിതരായിരുന്നു.
ആർ.കെ. ലക്ഷ്മണന്റെ പ്രശസ്തമായ കാർട്ടൂണ്‍ ഉദാഹരണമായി കാണിച്ച്, വിദേശത്തേക്ക് കുടിയേറുന്ന പഴയ മനോഭാവത്തില്‍ നിന്ന് മാറി രാജ്യത്ത് തന്നെ സേവനം അനുഷ്ഠിക്കാൻ പുതിയ തലമുറയിലെ ഡോക്ടർമാർ തയ്യാറാകുന്നത് ശുഭകരമാണെന്ന് ഗവർണർ നിരീക്ഷിച്ചു. ആധുനിക ജീവിതശൈലി ആരോഗ്യത്തില്‍ ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തുടർന്ന് സംസാരിച്ച കേരള ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലറും സ്വസ്തി ഫൗണ്ടേഷൻ അഡ്വൈസറി ബോർഡ് അംഗവുമായ ഡോ. മോഹനൻ കുന്നുമ്മല്‍, ക്യാൻസർ രോഗത്തെക്കുറിച്ചുള്ള അവബോധം ഇല്ലായ്മയും ചികിത്സാ ചെലവിനെക്കുറിച്ചുള്ള ഭയവും രോഗനിർണ്ണയം വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി.
താലൂക്ക് ആശുപത്രികള്‍ വഴി ചികിത്സാ സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. കേരളത്തെ പ്രിവന്റീവ് ഓങ്കോളജിയുടെ മാതൃകയാക്കി മാറ്റുകയാണ് സ്വസ്തി ഫൗണ്ടേഷന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ ഉയർന്നുവരുന്ന ജീവിതശൈലീ രോഗങ്ങളുടെയും സ്തനാർബുദത്തിന്റെയും പശ്ചാത്തലത്തില്‍, സംസ്ഥാനത്ത് ഒരു ഉന്നത നിലവാരമുള്ള പ്രിവന്റീവ് ഓങ്കോളജി സെന്റർ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സമ്മിറ്റ് ചെയർമാൻ ഡോ. എം.വി. പിള്ള തന്റെ പ്രസംഗത്തില്‍ ഉന്നയിച്ചു.
സർക്കാർ ആശുപത്രികളിലെ തിരക്ക് കാരണം പ്രതിരോധ നടപടികള്‍ക്ക് മതിയായ സമയം ലഭിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി സ്ഥാപിക്കുന്നതിന് ഗവർണറുടെ പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു. പൊതു-സ്വകാര്യ-പ്രവാസി പങ്കാളിത്തത്തോടെ ഗവേഷണവും ചികിത്സയും ഏകോപിപ്പിച്ച് കേരളത്തെ ഒരു ഗ്ലോബല്‍ ഹബ്ബാക്കി മാറ്റാമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
മയോ ക്ലിനിക് റീജിയണല്‍ പ്രസിഡന്റ് ഡോ. പ്രതിഭാ വർക്കി, ഡോ. കാർത്തിക് ഘോഷ്, തിരുവനന്തപുരം എം.പി ഡോ. ശശി തരൂർ തുടങ്ങിയവർ ചടങ്ങില്‍ സംസാരിച്ചു. സ്വസ്തി ഫൗണ്ടേഷനും ഹാൻസ് ഫൗണ്ടേഷൻ ലൈഫും സംയുക്തമായി സംഘടിപ്പിച്ച ത്രിദിന ഉച്ചകോടിയില്‍ ചീഫ് പ്രോഗ്രാം കോർഡിനേറ്റർ ഫ്ലമി എബ്രഹാം നേതൃത്വം നല്‍കി. 'ക്യാൻസർ സേഫ് കേരള' പദ്ധതിയുടെ ഭാഗമായി ജനസംഖ്യാടിസ്ഥാനത്തിലുള്ള സ്ക്രീനിംഗ്, നേരത്തെയുള്ള രോഗനിർണ്ണയം, ഡിജിറ്റല്‍ ഹെല്‍ത്ത് ഇന്നൊവേഷനുകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചർച്ച ചെയ്തു.














































































