തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെ പ്രതിരോധിച്ച് ബിജെപി സംസ്ഥാന നേതൃത്വം. സംസ്ഥാന സർക്കാർ ആണ് വായ്പകൾ എഴുതിത്തള്ളാൻ നേതൃത്വം നൽകേണ്ടതെന്നും കേന്ദ്ര സർക്കാരിന് വായ്പ എഴുതിത്തള്ളാനാവില്ലെന്നും റിസർവ് ബാങ്കിന് മാത്രമേ ഇതിന് അധികാരമുള്ളൂവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബാങ്കിന്റെ വായ്പകൾ കേന്ദ്രത്തിന് എഴുതിത്തള്ളാനാവില്ല. ബാങ്കുകളുടേത് ബോർഡുകളും ഓഹരി ഉടമകളുമെല്ലാമുള്ള സംവിധാനമാണ്. ഇക്കാര്യത്തിനായി ബാങ്കുകളെ നിർബന്ധിക്കാൻ കേന്ദ്രത്തിന് അധികാരമോ റോളോ ഇല്ല. ചോദിക്കുന്നവരും പറയുന്നവരും ഇക്കാര്യം മനസിലാകണം. വയനാട് ദുരന്തത്തിൽ ആർക്കെങ്കിലും നഷ്ടങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അവർക്ക് സംസ്ഥാന സർക്കാരാണ് ആനുകൂല്യം കൊടുക്കേണ്ടത്. സംസ്ഥാനം സബ്‌സിഡി നൽകുകയാണ് ചെയ്യേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഉത്തർപ്രദേശിൽ യോഗി സർക്കാർ ചെയ്തത് കേരളത്തിലും മാതൃകയാക്കണം. വായ്പ എഴുതിത്തള്ളലും ഇളവുകളും നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ചുമതലയാണ്. സംസ്ഥാന സർക്കാരാണ് അത് ചെയ്യേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അതേസമയം വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ഹൈക്കോടതി ഇന്നലെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. കാരുണ്യമല്ല തേടുന്നതെന്നും ചിറ്റമ്മ നയം വേണ്ടെന്നും കേന്ദ്രത്തോട് ഹൈക്കോടതി പറഞ്ഞിരുന്നു. മുണ്ടക്കൈ- ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമർശം.
ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നും വായ്പ എഴുതിത്തള്ളൽ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നും കാണിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെയാണ് ഹൈക്കോടതി വിമർശനം ഉന്നയിച്ചത്.