കൊച്ചി: താല്‍ക്കാലിക വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ നേരിടാനൊരുങ്ങി സര്‍ക്കാര്‍. കെടിയു, ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനെതിരെ സുപ്രീംകോടതിയിൽ ഉപഹര്‍ജി നല്‍കും. താല്‍ക്കാലിക വി സി നിയമം റദ്ദാക്കണമെന്ന് സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. സര്‍വ്വകലാശാല നിയമം അനുസരിച്ച് നിയമനം നടത്തണമെന്നാണ് ആവശ്യം.
വെള്ളിയാഴ്ചയാണ് ഡിജിറ്റല്‍, കെടിയു താല്‍ക്കാലിക വിസിമാരായി സിസ തോമസ്, കെ ശിവപ്രസാദ് എന്നിവരെ നിയമിച്ചത്. സര്‍ക്കാര്‍ നല്‍കിയ പാനല്‍ തള്ളിയായിരുന്നു നിയമനം. സുപ്രീംകോടതി ഉത്തരവിനെ മറികടന്നായിരുന്നു ഡിജിറ്റല്‍, കെടിയു സര്‍വ്വകലാശാല താല്‍ക്കാലിക വി സിമാരുടെ നിയമനം. വി സി നിയമനം സര്‍ക്കാര്‍ പാനലില്‍ നിന്നും വേണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ ഗവര്‍ണര്‍ വിസിമാരെ നിയമിക്കുകയായിരുന്നു.