താമരശ്ശേരി: ലഹരിപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്‌ക്കെത്തിയ പോലീസ് സംഘം വീട് മാറി റെയ്ഡ് നടത്തി. പുതുപ്പാടി പഞ്ചായത്തിലെ കക്കാട് കരികുളത്താണ് സംഭവം. മേല്‍വിലാസത്തിലെ സാമ്യതയാണ് പോലീസിന് അമളി പറ്റാനിടയാക്കിയത്.
വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് റെയ്ഡ് നടത്തിയ താമരശ്ശേരി പോലീസിനുപക്ഷേ, പരിശോധനയില്‍ സംശയകരമായ ഒന്നും കണ്ടെത്താനായില്ല. പിന്നീട് ലിസ്റ്റില്‍ ഉള്‍പ്പെട്ട യഥാര്‍ഥ വീട് കണ്ടെത്തി പരിശോധന നടത്തിയെങ്കിലും അവിടെനിന്ന് ലഹരിവസ്തുക്കള്‍ കണ്ടെത്താനായില്ല.
പോലീസ് റെയ്ഡ് മാനക്കേടുണ്ടാക്കിയെന്ന് കാണിച്ച് ആദ്യം പരിശോധന നടന്ന വീടിന്റെ ഗൃഹനാഥന്‍ താമരശ്ശേരി ഡിവൈഎസ്പിക്ക് പരാതി നല്‍കുകയും ചെയ്തു. സംഭവം രഹസ്യാന്വേഷണവിഭാഗവും വകുപ്പ് തലത്തിലേക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പുതുപ്പാടി കക്കാട് കരികുളം വള്ളിക്കെട്ടുമ്മല്‍ മുസ്തഫയുടെ വീട്ടിലാണ് ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ വീട് മാറി റെയ്ഡ് നടന്നത്. കക്കാട് പോസ്റ്റ് ഓഫീസിന്റെ തന്നെ പരിധിയിലുള്ള മറ്റൊരു സ്ഥലത്തെ ഇതേ മേല്‍വിലാസമുള്ള വീട്ടിലായിരുന്നു എന്‍ഡിപിഎസ് പരിശോധനയ്ക്കുള്ള വിവരപ്രകാരം റെയ്ഡ് നടത്തേണ്ടിയിരുന്നത്.