കരള്‍ രോഗങ്ങള്‍ ആളുകള്‍ക്കിടയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് യുവ തലമുറയുടെ ഇടയില്‍. കരള്‍ രോഗങ്ങളില്‍ ഏറ്റവും സാധാരണമായി കാണപ്പെടുന്ന രോഗമാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ ഡിസീസ്(NAFLD) . ഒരുകാലത്ത് പ്രായമായവരില്‍ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം ഇന്ന് പല തരത്തിലുളള ജീവിതശൈലി ഘടകങ്ങള്‍ മൂലം യുവാക്കളെ കൂടുതലായി ബാധിക്കുന്നു. മോശം ഭക്ഷണക്രമം, ഉദാസീനമായ ശീലങ്ങള്‍, പൊണ്ണത്തടി തുടങ്ങിയ ആധുനിക ജീവിതശൈലീ ഘടകങ്ങളാണ് പ്രധാനമായും രോഗങ്ങള്‍ക്ക് കാരണം.
ചികിത്സിച്ചില്ലെങ്കില്‍ ഫാറ്റിലിവര്‍ രോഗം നോണ്‍-ആല്‍ക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് (NASH), ലിവര്‍ ഫൈബ്രോസിസ്, സിറോസിസ്, ലിവര്‍ കാന്‍സര്‍ പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് മാറാനിടയുണ്ട്. കാലക്രമേണ ഇത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും ടൈപ്പ് 2 പ്രമേഹത്തിനും സാധ്യത വര്‍ദ്ധിപ്പിച്ചേക്കാം. ഭാഗ്യവശാല്‍, ശരിയായ ചികിത്സയും ജീവിതശൈലി മാറ്റങ്ങളും വഴി ഫാറ്റിലിവര്‍ വരാതെ രോഗത്തെ തടയാന്‍ കഴിയും.
മെഡിറ്ററേനിയന്‍ ഡയറ്റ്
കഴിക്കുന്നതെന്താണോ അത് നമ്മുടെ ആരോഗ്യത്തെ പ്രതിഫലിപ്പിക്കുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, നട്സ്, ഒലിവ് ഓയില്‍, കൊഴുപ്പുള്ള മത്സ്യം എന്നിവയാല്‍ സമ്പന്നമായ മെഡിറ്ററേനിയന്‍ ഭക്ഷണക്രമം മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്നു. ഈ ഭക്ഷണക്രമം പിന്തുടരുന്നത് കരളിലെ കൊഴുപ്പ് കുറയ്ക്കും. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ (NAFLD) അസുഖമുള്ളവര്‍ക്ക് ശുപാര്‍ശ ചെയ്യുന്ന ഭക്ഷണക്രമമാണിതെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റിഓക്സിഡന്റ് ഭക്ഷണങ്ങളാല്‍ സമ്പന്നമായ മെഡിറ്ററേനിയന്‍ ഭക്ഷണക്രമത്തില്‍, കരളിന്റെ ആരോഗ്യം വഷളാക്കുന്ന ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകളും സംസ്‌കരിച്ച പഞ്ചസാരയും അടങ്ങിയിട്ടില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
വ്യായാമങ്ങള്‍ ചെയ്യുക
നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് പതിവായി വ്യായാമം ചെയ്യുന്നത്. ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റെങ്കിലും മിതമായ എയറോബിക് വ്യായാമങ്ങള്‍( വേഗത്തിലുള്ള നടത്തകം, സെക്ലിംഗ്)ചെയ്യുക. 2017 ലെ ഒരു പഠനം അനുസരിച്ച് ഉദാസീനമായ ജീവിതശൈലി NAFLD ന് കാരണമാകുന്നു എന്ന് പറയുന്നുണ്ട്. പതിവ് വ്യായാമങ്ങള്‍ ഇന്‍സുലിന്‍ ക്ഷമത മെച്ചപ്പെടുത്തുകയും കരളിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
അമിത ഭാരം കുറയ്ക്കുക
ഫാറ്റിലിവര്‍ മാറ്റാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്നാണ് ശരീര ഭാരം കുറയ്ക്കല്‍. 5-10 ശതമാനം ശരീരഭാരം കുറച്ചാല്‍ പോലും കരളിലെ കൊഴുപ്പ് ഗണ്യമായി കുറയ്ക്കാന്‍ കഴിയും. ഭക്ഷണ ക്രമത്തിലൂടെയും വ്യായാമത്തിലൂടെയും പതുക്കെ ശരീരഭാരം കുറച്ചില്ലെങ്കില്‍ അത് കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
പഞ്ചസാര ഒഴിവാക്കുക
കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്ന് സോഫ്റ്റ് ഡ്രിങ്കുകള്‍, പേസ്ട്രികള്‍, വൈറ്റ് ബ്രെഡ് തുടങ്ങിയ പഞ്ചസാര കൂടുതലായി അടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുക എന്നത്. അധിക പഞ്ചസാര, പ്രത്യേകിച്ച് ഫ്രക്ടോസ്, കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ ഒഴിവാക്കുക, പകരം ഓട്‌സ്, പയര്‍വര്‍ഗ്ഗങ്ങള്‍, ബ്രൗണ്‍ റൈസ്, പച്ചക്കറികള്‍ പോലുള്ള കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ളവ കഴിക്കാന്‍ ശീലിക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നു.
കാപ്പിയുടെ ഉപയോഗം
പഞ്ചസാരയോ ക്രീമോ ചേര്‍ക്കാതെ കാപ്പി കുടിക്കുന്നത് കരളിനെ സംരക്ഷിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ക്ലോറോജെനിക് ആസിഡ് പോലുള്ള ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് കാപ്പി. ഇത് കരളിലെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. കരള്‍ എന്‍സൈമുകളുടെ അളവ് കുറയ്ക്കുന്നതിനും കരള്‍ വീക്കം കുറയ്ക്കുന്നതിനും NAFLD ഉള്ളവരില്‍ കരള്‍ ഫൈബ്രോസിസ് സാധ്യത കുറയ്ക്കുന്നതിനും കാപ്പി സഹായിക്കുന്നു. 2021 ലെ ഒരു പഠനത്തില്‍, ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നത് ഫാറ്റിലിവര്‍ സാധ്യത 20% കുറയ്ക്കുകയും വിട്ടുമാറാത്ത കരള്‍ രോഗംകൊണ്ടുള്ള മരണം 49% കുറയ്ക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയിരുന്നു.