രാജ്യങ്ങൾ തമ്മിലാണ് യുദ്ധങ്ങൾ നടക്കുന്നത്, പക്ഷേ, അതു ജയിപ്പിക്കേണ്ടത് മനുഷ്യരാണ്. സ്വന്തം രാജ്യത്തിന്റെ ഒരു തരി മണ്ണു പോലും ശത്രുവിനു വിട്ടുകൊടുക്കാതിരിക്കാൻ ജീവൻ പോലും കൊടുക്കാൻ മടിയില്ലാത്ത ധീരന്മാരാണ് സൈനികർ. എണ്ണമറ്റ വീരന്മാരുടെ ചരിത്രമാണ് ഓരോ യുദ്ധവും. സമാനതകളില്ലാത്ത പോരാളികളാണ് വീരമൃത്യു വരിച്ച ഓരോ സൈനികനും. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധമായിരുന്നു കാർഗിലിലേത്. നാലു പരംവീർ ചക്രയും 10 മഹാവീർ ചക്രയും 26 വീർ ചക്രയും കാർഗിൽ പോരാളികളെ തേടിയെത്തി. വീരമൃത്യു വരിച്ച 527 ധീരജവാന്മാർ രാജ്യത്തിന്റെ ഓർമകളിൽ അമരന്മാരാണ്. 1999 ൽ കാർഗിലിലെ വിജയം ഇന്ത്യയുടെ പേരിനു നേരേ എഴുതിച്ചേർത്തവർ രാജ്യമാണ് വലുതെന്ന തിരഞ്ഞെടുപ്പ് സ്വയം നടത്തിയതാണ്. അവർ അവസാന ശ്വാസം വലിച്ചത് ധൈര്യം നഷ്ടപ്പെട്ടപ്പോഴല്ല, മരണത്തിന്റെ കണ്ണുകളിലേക്കു നിർഭയം നോക്കി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിക്കൊണ്ടായിരുന്നുഅവരുടെ ജീവത്യാഗം.
ജമ്മു കശ്മീരിനെ ഏതുവിധേനെയും ഒപ്പം ചേർക്കാനുള്ള പാക്കിസ്ഥാന്റെ നീക്കങ്ങളാണ് ഇന്ത്യാ – പാക്കിസ്ഥാൻ സംഘർഷത്തിന്റെ തുടക്കം. സ്വാതന്ത്ര്യം നേടി 52 വർഷങ്ങൾക്കുശേഷമാണ് കാർഗിൽ യുദ്ധം. 1999 ൽ ലഹോർ പ്രഖ്യാപനത്തിൽ ഒപ്പുവച്ചതിനു തൊട്ടുപിന്നാലെയാണു യുദ്ധം ആരംഭിച്ചത്. അതേവർഷം ഫെബ്രുവരി 20 ന് വാഗാ അതിർത്തി കടന്ന് ഇന്ത്യയുടെ ഒരു ബസ് പാക്കിസ്ഥാനിലേക്കു പോയി. ചാരനിറത്തിലുള്ള ആ ബസിനു മുന്നിൽ സദായെ സർഹദ് (ഉർദുവിൽ 'അതിർത്തിയിലെ സ്വരം' എന്ന് അർഥം) എന്നെഴുതിവച്ചിരുന്നു. ഇന്ത്യയിൽനിന്ന് ആത്മാർഥതയോടെ അയച്ച ആ ബസിനെ സ്വീകരിക്കാൻ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് കാത്തുനിന്നു. പാക്ക് മണ്ണിൽ നിർത്തിയ ബസിൽനിന്ന് ആദ്യമിറങ്ങിയത് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ആയിരുന്നു. പിന്നാലെ പ്രധാനമന്ത്രിമാർ തമ്മിൽ ആലിംഗനവും. രാജ്യാന്തര മാധ്യമങ്ങൾ ഉൾപ്പെടെയെഴുതി 'മഞ്ഞുരുകുന്നു'വെന്ന്. പക്ഷേ, ആ യോഗത്തിൽ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. അന്നത്തെ സൈനിക മേധാവിയും പിന്നീട് അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത് പാക്കിസ്ഥാന്റെ പ്രസിഡന്റുമായ പർവേസ് മുഷറഫ് ആയിരുന്നു ആ കൂടിക്കാഴ്ചയിൽനിന്നു വിട്ടുനിന്നത്. ഈ വിട്ടുനിൽക്കലിന്റെ കാരണം പിന്നീട് മേയ് മാസത്തിലാണ് ഇന്ത്യയ്ക്കു വ്യക്തമാകുന്നത്.
1999 ൽ ലഹോർ പ്രഖ്യാപനം ഒപ്പിട്ട് കുറച്ചുനാൾ കഴിഞ്ഞപ്പോഴായിരുന്നു കാർഗിൽ യുദ്ധം. കശ്മീർ ഭീകരന്മാരായി വേഷമിട്ട പാക്കിസ്ഥാൻ സൈന്യം 'ഓപ്പറേഷൻ ബദർ' എന്ന പേരിൽ നിയന്ത്രണരേഖ നുഴഞ്ഞു കടന്ന്, ഇന്ത്യൻ സൈന്യം ശൈത്യകാലത്ത് ഒഴിഞ്ഞ പോസ്റ്റുകൾ കയ്യടക്കിയപ്പോഴാണു യുദ്ധം ആരംഭിച്ചത്. കശ്മീരും ലഡാക്കും തമ്മിലുള്ള ബന്ധം ഇല്ലാതാക്കുക, സിയാച്ചിനിൽ ഇന്ത്യൻ സൈന്യത്തെ ഒറ്റപ്പെടുത്തി, കശ്മീർ തർക്കത്തിൽ തീരുമാനമെടുക്കാൻ ഇന്ത്യയെ നിർബന്ധിക്കുക എന്നിവയായിരുന്നു ലക്ഷ്യം.
കാർഗിൽ യുദ്ധത്തിനു മൂന്നു ഘട്ടങ്ങൾ ഉണ്ടായിരുന്നുവെന്ന് പ്രതിരോധമന്ത്രാലയത്തിന്റെ രേഖകൾ വ്യക്തമാക്കുന്നു. ദേശീയപാത 1എ ലക്ഷ്യം വയ്ക്കുന്ന പോസ്റ്റുകൾ പാക്ക് സൈന്യം കൈവശപ്പെടുത്തിയെന്നതാണ് ആദ്യ ഘട്ടം. ഇന്ത്യൻ സൈന്യം നുഴഞ്ഞുകയറ്റം കണ്ടെത്തി പ്രതികരിക്കാൻ സൈനികനീക്കങ്ങൾ നടത്തിയെന്നത് രണ്ടാം ഘട്ടം. മൂന്നാം ഘട്ടം ഇന്ത്യൻ സൈന്യം നടത്തിയ കനത്ത തിരിച്ചടിയും പോസ്റ്റുകളുടെ വീണ്ടെടുക്കലും പാക്ക് സൈന്യത്തിന്റെ തിരിച്ചുപോക്കുമാണ്.
ശ്രീനഗറും ലേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏക റോഡ് കടന്നുപോകുന്ന ഏകദേശം 160 കി.മീ. നീളമുള്ള പ്രദേശത്തായിരുന്നു കടന്നുകയറ്റം. ദേശീയപാതയ്ക്കു മുകളിലുള്ള മലനിരകളിലെ സൈനിക പോസ്റ്റുകൾ സാധാരണയായി സമുദ്രനിരപ്പിൽനിന്ന് 5,000 മീറ്റർ (16,000 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചില പോസ്റ്റുകൾ 5,485 മീറ്റർ (18,000 അടി) വരെ ഉയരത്തിൽ ആണ് സ്ഥിതി ചെയ്തിരുന്നത്. അതു കയ്യടക്കി, തന്ത്രപരമായ മേൽക്കൈ നേടി ഇന്ത്യയെ തളർത്തുകയായിരുന്നു പാക്ക് ലക്ഷ്യം. പക്ഷേ ഇന്ത്യൻ സേനയുടെ പോരാട്ടവീര്യത്തിനു മുന്നിൽ അടിയറവു പറയാനായിരുന്നു അവരുടെ വിധി.