തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്തയും പെൻഷൻകാർക്ക് ഒരു ഗഡു ക്ഷാമാശ്വാസവും അനുവദിച്ചേക്കും. ഓണത്തിനു മുൻപ് സെപ്തംബറില്‍ ഒരുഗഡു അനുവദിച്ചതിന് പുറമെയാണിത്. അഞ്ചു ഗഡുവിലായി 15% ഡി.എ ആണ് കുടിശ്ശിക.
2023 ജനുവരിയിലെ 4% ക്ഷാമബത്ത അനുവദിക്കാനാണ് ആലോചിക്കുന്നത്. നവംബറില്‍ വിതരണം ചെയ്യുന്ന ശമ്പളത്തിനൊപ്പം ക്ഷാമബത്തയും പെൻഷനില്‍ 4% ക്ഷാമാശ്വാസവും നല്‍കും. ക്ഷാമബത്ത കുടിശ്ശികയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസും ആസന്നമായ തദ്ദേശ തിരഞ്ഞെടുപ്പുമാണ് 4% ക്ഷാമബത്ത കൂടി നല്‍കാൻ ഇടയാക്കുന്നത്.
ക്ഷാമബത്ത ജീവനക്കാരുടെ നിയമപരമായ അവകാശമാണെന്നും സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ അത് അനിശ്ചിതമായി തടഞ്ഞുവയ്ക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡർ കോടതിയെ അറിയിച്ചെങ്കിലും ജീവനക്കാരുടെ അവകാശങ്ങള്‍ നിഷേധിക്കാൻ അതൊരു കാരണമാകില്ലെന്ന് കോടതി നിരീക്ഷിച്ചു. സമാനമായ കേസില്‍ പശ്ചിമബംഗാള്‍ സർക്കാരിനോട് 25% കുടിശ്ശിക ഉടൻ നല്‍കാൻ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവും ഹൈക്കോടതി വിധിയില്‍ പരാമർശിച്ചു. ഒരു മാസത്തിനകം ഡിഎ കുടിശ്ശിക വിതരണം ചെയ്യുന്നത് സംബന്ധിച്ച് വ്യക്തമായ രൂപരേഖയും സമയക്രമവും ഉള്‍പ്പെടെ സത്യവാങ്മൂലം സമർപ്പിക്കാൻ ജസ്റ്റിസ് സിയാദ് റഹ്മാൻ എ.എ. സർക്കാരിന് കർശന നിർദ്ദേശം നല്‍കിയിരുന്നു. കേസ് സെപ്തംബർ 22ന് വീണ്ടും പരിഗണിക്കും. അതിനു മുൻപ് സർക്കാർ തീരുമാനം പ്രഖ്യാപിച്ചേക്കും.