കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിലേക്ക് ആളുകളെ എത്തിക്കാൻ സ്കൂൾ ബസും. കോഴിക്കോട് പേരാമ്പ്രയിലാണ് ജാഥയിലേക്ക് ആളുകളെ എത്തിക്കാൻ സർക്കാർ സ്കൂൾ ബസ് ഉപയോഗിച്ചത്. പേരാമ്പ്ര മുതുകാട് പ്ലാന്റേഷൻ ഹൈസ്കൂളിലെ ബസിലാണ് പ്രവർത്തകരെ എത്തിച്ചത്. സംഭവത്തിൽ ഡിഡിഇക്ക് യൂത്ത് കോൺഗ്രസ് പരാതി നൽകി.രാവിലെ പേരാമ്പ്രയിലെത്തിയ ജാഥയിലേക്ക് ആളെ എത്തിക്കാനായാണ് സ്കൂൾ ബസ് ഉപയോഗിച്ചത്. സ്കൂൾ ബസ് രാഷ്ട്രീയ പരിപാടിയ്ക്കായി ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണ്. ചട്ടവിരുദ്ധമായി സ്കൂൾ ബസ് വിട്ടുനൽകിയ കാര്യത്തിൽ പ്രതികരിക്കാൻ സ്കൂൾ അധികൃതർ തയ്യാറായിട്ടില്ല.
