യുഡിഎഫ് ചവിട്ടി പുറത്താക്കിയപ്പോൾ സംരക്ഷിച്ചത് എൽഡിഎഫും പിണറായി വിജയനുമാണെന്നു ജോസ് കെ മാണി. ഇറക്കി വിട്ടിടത്തേക്ക് എന്തിന് തിരിച്ചുപോകണമെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി ചോദിച്ചു. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ജാഥയിൽ മധ്യമേഖല ജാഥ നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് നടന്ന പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് പ്രവേശനം തുറക്കാത്ത അധ്യായമാണ്. അഞ്ചരവർഷക്കാലം മുമ്പാണ് കേരളകോൺഗ്രസ് എം ഇടതുപക്ഷത്തിന്റെ ഭാഗമായത്. പ്രതിപക്ഷം ചെയ്യുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ഭരണപക്ഷത്തിരുന്ന് കേരള കോൺഗ്രസ് എമ്മിന് ചെയ്യാൻ കഴിഞ്ഞു. ജനകീയ വിഷയങ്ങളെ ഏറ്റെടുക്കാനും പരിഹാരം കാണാനും സാധിച്ചു. വന്യമൃഗത്തിന്റെ ആക്രമണത്തിൽ നിന്ന് മനുഷ്യരെ രക്ഷിക്കുന്നതിലും മുനമ്പം വിഷയത്തിലുമെല്ലാം പാർട്ടി ഇടപെടൽ നടത്തി. സ്ഥാനാർഥി നിർണയ ചർച്ചകൾ വൈകാതെ ആരംഭിക്കും. ഇത്തവണ 13 സീറ്റെങ്കിലും കിട്ടണമെന്ന് പാർട്ടി ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.














































































