ഉമ്മൻചാണ്ടി തന്റെ കുടുംബം തകർക്കാനും മക്കളെ തന്നില്‍ നിന്ന് വേർപിരിക്കാനും ശ്രമിച്ചുവെന്നും കുടുംബ തർക്കങ്ങളില്‍ മധ്യസ്ഥത വഹിക്കാനെന്ന വ്യാജേന ഇടപെട്ട് തന്നെ ചതിക്കുകയായിരുന്നുവെന്നും ഗണേഷ് കുമാർ ആരോപിച്ചു. മുൻപ് മന്ത്രിസ്ഥാനത്ത് നിന്നും മാറിയപ്പോള്‍ പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം തിരിച്ചെടുക്കാമെന്ന് പറഞ്ഞ് തന്നെ പറ്റിച്ചുവെന്നും ഉമ്മൻചാണ്ടി തന്നോട് കാണിച്ചത് വലിയ ദ്രോഹമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം സരിതയെക്കൊണ്ട് ഉമ്മൻചണ്ടിക്കെതിരെ പറയിച്ചു എന്ന് ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. ബൈബിള്‍ വചനം ഓർമിപ്പിച്ചാണ് ഇന്ന് ഗണേഷ് കുമാർ ചാണ്ടി ഉമ്മന് മറുപടി നല്‍കിയത്. 'കള്ളസാക്ഷി പറയരുത്' എന്ന ബൈബിള്‍ വചനം ചാണ്ടി ഓർക്കണമെന്നും തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണോ ചാണ്ടി ഉമ്മന് ഇത്തരം കാര്യങ്ങള്‍ ഓർമ്മ വന്നതെന്നും പരിഹസിച്ച ഗണേഷ് അറിയാത്ത കാര്യങ്ങള്‍ പറയാതിരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും കൂട്ടിച്ചേർത്തു. സി ബി ഐ തന്നോട് ചോദിച്ചതിന് നല്‍കിയ മൊഴി പൊതു സമൂഹത്തില്‍ ഉണ്ട്. സോളാർ കേസിലെ കത്തുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്ക് ക്ലീൻ ചിറ്റ് നല്‍കുന്ന രീതിയിലാണ് താൻ സി ബി ഐക്ക് മൊഴി നല്‍കിയത്. എന്നാല്‍ ആ നന്ദി പോലും ഉമ്മൻ ചാണ്ടി തന്നോട് കാണിച്ചില്ലെന്നും ഗണേഷ് അഭിപ്രായപ്പെട്ടു. ചാണ്ടി ഉമ്മൻ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നും അല്ലെങ്കില്‍ എല്ലാം ഞാൻ വിളിച്ചു പറയുമെന്നും ഗണേഷ് വെല്ലുവിളിച്ചു.














































































