പട്‌ന: വിവാദത്തിനിടെ ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ഒന്നും മിണ്ടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ട് കൊള്ള ഉയര്‍ത്തി പ്രതിപക്ഷം ആരംഭിച്ച രാഷ്ട്രീയ നീക്കത്തിന് ശേഷം ആദ്യമായി ബിഹാറിലെത്തിയ മോദി അതേ കുറിച്ച് ഒരു വാക്കുപോലും പറയാതെയാണ് പ്രസംഗം അവസാനിപ്പിച്ചത്. വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടക്കുന്നു എന്ന ആരോപണം ഉയര്‍ത്തി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വോട്ട് അധികാര്‍ യാത്ര തുടരുമ്പോഴാണ് മോദിയുടെ റാലി നടന്നത്. നുഴഞ്ഞുകയറ്റക്കാര്‍ ബിഹാറിലെ ജനങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നത് തടയുമെന്നും അതിനുള്ള മിഷന്‍ ഉടന്‍ തുടങ്ങുമെന്നും മോദി വ്യക്തമാക്കി.
ജയിലിലായാല്‍ മന്ത്രിമാര്‍ പുറത്താകുന്ന വിവാദ ബില്ലിനെ പ്രതിപക്ഷം കൂട്ടായി എതിര്‍ക്കുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. പ്രതിപക്ഷത്തെ നേതാക്കളില്‍ പലരും അഴിമതിക്കാരാണ്. കോണ്‍ഗ്രസിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും നേതാക്കള്‍ അഴിമതി കേസുകളില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയവരാണ്. ഇവര്‍ ഈ നിയമത്തെ ഭയപ്പെടുകയാണ്. ജയിലില്‍ കിടന്ന് ഫയലുകള്‍ ഒപ്പിട്ട് വീണ്ടും അഴിമതി നടത്താന്‍ അനുവദിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും മോദി ആരോപിച്ചു. ഇന്‍ഡ്യാ സഖ്യത്തിന്റെ വോട്ടര്‍ അധികാര്‍ യാത്ര ആറാം ദിവസമായ ഇന്ന് സുല്‍ത്താന്‍ ഗഞ്ചില്‍ നിന്നും നൗഗച്ചിയയിലേക്കാണ് പുരോഗമിക്കുന്നത്.