തിരു.: സംസ്ഥാന പോലീസ് മേധാവിയായി നിയമിതനായ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഇന്ന് വൈകുന്നേരം ചുമതലയേല്‍ക്കും. നിലവിലെ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് വൈകുന്നേരം അഞ്ചുമണിയോടെ പോലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയിൽ പുഷ്പചക്രം അർപ്പിച്ച് സല്യൂട്ട് ചെയ്യും. തുടർന്ന് പോലീസ് ആസ്ഥാനത്ത് എത്തുന്ന നിയുക്ത സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ധീരസ്മൃതിഭൂമിയില്‍ ആദരം അര്‍പ്പിച്ച ശേഷം പോലീസ് സേനയുടെ സല്യൂട്ട് സ്വീകരിക്കും. പിന്നീട് ഡിജിപിയുടെ ചേംബറിലെത്തി നിലവിലെ സംസ്ഥാന പോലീസ് മേധാവിയില്‍ നിന്ന് അധികാരദണ്ഡ് ഏറ്റുവാങ്ങി ചുമതലയേല്‍ക്കും. അതിനുശേഷം നിലവിലെ സംസ്ഥാന പോലീസ് മേധാവിയെ പുതിയ മേധാവിയും മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരും ചേര്‍ന്ന് യാത്രയാക്കും.
സ്ഥാനമൊഴിയുന്ന നിലവിലെ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് പോലീസ് സേന നല്കുന്ന വിടവാങ്ങല്‍ പരേഡ് ഇന്ന് രാവിലെ 7.40ന് തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ നടക്കും.