എറണാകുളം: കൂടുതൽ മണ്ഡലങ്ങളിൽ ബിജെപി- സി പി എം ഡീൽ ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മഞ്ചേശ്വരം, കോന്നി, റാന്നി എന്നീ മണ്ഡലങ്ങളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ഡീലുണ്ടെന്ന് വിഡി സതീശൻ ആരോപിച്ചു. നേരത്തെ പാലക്കാട് അടക്കം സിപിഎം-ബിജെപി ഡീലുണ്ടെന്ന് വിഡി സതീശൻ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ കൂടുതൽ മണ്ഡലങ്ങളിൽ ഡീൽ നടന്നിട്ടുണ്ടെന്ന ആരോപണവുമായി വിഡി സതീശൻ രംഗത്തെത്തിയത്. പത്ത് മണ്ഡലങ്ങളിൽ ഡീൽ ഉണ്ടെന്നായിരുന്നു ഇന്നലെ വിഡി സതീശൻ ആരോപിച്ചിരുന്നത്. ഡീൽ ആരോപണം ബിജെപിയും സിപിഎമ്മും തള്ളുന്നതിനിടെയാണ് വീണ്ടും ആരോപണം ഉയരുന്നത്. ഒന്നാം നമ്പര്‍ കാര്‍ ഒഴിവാക്കി ആര്‍എസ്എസുമായി ചര്‍ച്ചയ്ക്ക് പോയ ആളാണ് മുഖ്യമന്ത്രിയെന്നും 1977ൽ ആര്‍എസ്എസ് വോട്ട് നേടി ജയിച്ചയാളാണ് മുഖ്യമന്ത്രിയെന്നും ആ ചരിത്രം തങ്ങള്‍ക്ക് പറയേണ്ടിവരുമെന്നും വിഡി സതീശൻ പറഞ്ഞു.
തൃശൂരിൽ ബിജെപി വിരുദ്ധ വോട്ടുകള്‍ വിഎസ് സുനിൽകുമാറിന് ലഭിച്ചിരുന്നു. വിജയ സാധ്യത കൂടുതലുള്ള സ്ഥാനാർഥി എന്ന നിലയിലാണ് സുനിൽ കുമാറിലേക്ക് ന്യൂനപക്ഷ വോട്ടുകളടക്കം പോയത്. എന്നിട്ടും സുനിൽ കുമാറിന് സി പി എം വോട്ടുകൾ കിട്ടിയില്ല. കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ ഇഡി അന്വേഷണത്തിന്‍റെ മറവിൽ നടന്നത് തൃശൂർ സീറ്റിനുള്ള ഡീലാണെന്നും വിഡി സതീശൻ ആരോപിച്ചു. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിക്ക് രാഷ്ട്രീയ പശ്ചാത്തലമില്ലെന്ന ഇടത് വിമർശനത്തിനും വിഡി സതീശൻ മറുപടി നൽകി. കൊല്ലത്ത് മൽസരിക്കുമ്പോൾ മുകേഷ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്നല്ലോ എന്നായിരുന്നു വിഡി സതീശന്‍റെ പരിഹാസം. നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി സതീശൻ.












































































