തൃശൂർ പൂരം ഈ വർഷം ആഘോഷ പരിപാടികൾ ഒഴിവാക്കി ആചാരങ്ങളിൽ ഒതുക്കി നടത്താൻ തീരുമാനം. മുണ്ടത്തിക്കോട് വെടിക്കെട്ട് സ്ഫോടന ദുരന്തത്തിന്റെ പശ്ചാത്തലത്തിലും കേരള ഹൈക്കോടതി നിർദ്ദേശപ്രകാരവും കളക്ടറേറ്റിൽ വിളിച്ചു ചേർത്ത പൂരം ഭാരവാഹികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
യോഗത്തിൽ പങ്കെടുത്ത പാറമേക്കാവ് ദേവസ്വം, തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ, പൂരത്തിനോടനുബന്ധിച്ച ആഘോഷ പരിപാടികൾ ഒഴിവാക്കി ആചാരങ്ങൾ മാത്രം പാലിച്ച് പൂരം നടത്താമെന്ന് അറിയിച്ചു. പതിവ് വെടിക്കെട്ട് ഇരു ദേവസ്വങ്ങളും ഈ വർഷം ഒഴിവാക്കും. പ്രധാന ആകർഷണമായ കുടമാറ്റം ഏകദേശം 15 മിനിറ്റായി ചുരുക്കാനും ഘടകപൂരങ്ങൾ ആചാരാനുഷ്ഠാനങ്ങൾ പാലിച്ച് പങ്കെടുക്കാനും തീരുമാനമായി.
പൂരം നടത്തിപ്പിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി 350 സിസിടിവി ക്യാമറകൾ വിവിധ ഇടങ്ങളിൽ സ്ഥാപിക്കും. വനിതാ പോലീസ് സേനയെയും പരിചയസമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്ക് വിന്യസിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണർ വ്യക്തമാക്കി.
നാട്ടാന പരിപാലന ചട്ടങ്ങൾ കർശനമായി പാലിക്കുന്നതിന് വനം, മൃഗസംരക്ഷണ വകുപ്പുകൾക്ക് ചുമതല നൽകിയിട്ടുണ്ട്. ആനകളുടെ വിന്യാസം, എഴുന്നള്ളിപ്പിന്റെ ക്രമീകരണങ്ങൾ എന്നിവയിൽ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കും.
ജില്ലയിൽ ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ പൂരത്തിൽ പങ്കെടുക്കുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന നിർദ്ദേശവും അധികൃതർ നൽകി.













































































