കൊച്ചി: കളമശ്ശേരിയിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ബസുകളുടെ മത്സരയോട്ടത്തിനിടയിലായിരുന്നു അപകടം. സ്വിഗ്ഗി ഡെലിവറി ജീവനക്കാരൻ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ സലാം (41) ആണ് മരിച്ചത്. തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ബസ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുമ്പോൾ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇൻസ്റ്റാമാർട്ടിൻറെ ഗോഡൗണിലേക്ക് ഓർഡർ എടുക്കാനായി പോയതായിരുന്നു സലാം. ഇതിനിടെയാണ് സൗത്ത് കളമശ്ശേരി മേൽപ്പാലത്തിന് സമീപത്ത് വെച്ച് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്കിന് പിന്നിൽ വന്നിടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽ അബ്ദുൾ സലാം തത്ക്ഷണം മരിച്ചു.