പാലക്കാട്: തെരുവുനായ്ക്കള്‍ക്ക് അഭയകേന്ദ്രവും വളർത്തുനായ്ക്കള്‍ക്ക് വാക്സിനേഷൻ നല്‍കലുമുള്‍പ്പെടെയുള്ള തീവ്രയജ്ഞ നടപടികള്‍ക്കൊരുങ്ങി തദ്ദേശവകുപ്പ്. തെരുവുനായ്ക്കളെ വാക്സിനേഷനും വന്ധ്യംകരണത്തിനുമായി കൊണ്ടുവരുന്നവർക്ക് 500 രൂപ പ്രതിഫലം നല്‍കാനും നായ് പിടിത്തക്കാർക്ക് 300 രൂപ നല്‍കാനും മാർഗരേഖയില്‍ നിർദേശിച്ചു.
200 രൂപ നായയെ കൊണ്ടുവരാനുള്ള ചെലവിനായും വകയിരുത്താം. എ.ബി.സി കേന്ദ്രത്തിലെത്തിച്ച് അവിടെ നിന്ന് തുക കൈപ്പറ്റാം. ഓരോ പ്രദേശത്തെയും ആനിമല്‍ ഫീഡേഴ്സിന്റെ സഹായത്താല്‍ നായ്ക്കളെ പിടികൂടാം. കൂടുതല്‍ ആക്രമണകാരികളായ നായ്ക്കളുള്ള പ്രദേശങ്ങളില്‍ സമ്പൂർണ വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കണം. സ്കൂള്‍ പരിസരങ്ങള്‍ക്ക് മുൻഗണന വേണം.
ആക്രമണകാരികളായ നായകളെ അഭയകന്ദ്രങ്ങളില്‍ പാർപ്പിക്കണം. നിലവില്‍ കണ്ടെത്തിയ ഹോട്ട് സ്പോട്ടുകളിലും ഹോട്ട്സ്പോട്ടുകള്‍ ഇനി കണ്ടെത്തുന്ന തദ്ദേശസ്ഥാപനങ്ങളിലും ഉടൻ അഭയകേന്ദ്രങ്ങള്‍ തുടങ്ങും. ഇതിനായി ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിക്കാം. ഇവിടെ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാൻ ഷെല്‍റ്റർ മാനേജ്മെന്റ് ഗ്രൂപ്പ് രൂപവത്കരിക്കണം.
സംസ്ഥാനതല സമിതിക്ക് പുറമെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും ജില്ല കലക്ടർ കോ ചെയർമാനായും ജില്ലതല കമ്മിറ്റി രൂപവത്കരിച്ചാകണം പ്രവർത്തനം. വളർത്തുനായ്ക്കളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കും. ഗ്രാമപ്രദേശത്ത് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ഐ.എല്‍.ജി.എം.എസ് പോർട്ടല്‍ വഴി സമർപ്പിക്കണം. മൂന്ന് ദിവസത്തിനകം വാക്സിനേഷൻ പൂർത്തീകരിച്ച് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പഞ്ചായത്ത് കൈമാറണം.
കടിയേല്‍ക്കുന്ന സാഹചര്യത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍, പ്രഥമ ശുശ്രൂഷ തുടങ്ങിയവയില്‍ വിദ്യാർഥികള്‍ക്കും സ്കൂള്‍ അധികൃതർക്കും മാതാപിതാക്കള്‍ക്കും തദ്ദേശ സ്ഥാപന തലത്തില്‍ പരിശീലനം നല്‍കും. തെരുവുനായ് പ്രശ്നം സംബന്ധിച്ച സേവനങ്ങള്‍ക്കായി ടോള്‍ ഫ്രീ നമ്പർ പ്രസിദ്ധപ്പെടുത്തും. വാക്സിനേഷൻ, അഭിയകേന്ദ്രങ്ങള്‍ സജ്ജമാക്കല്‍, ശുചിത്വയജ്ഞം, ക്യാമ്പയിൻ എന്നിവ ഉള്‍പ്പെടുത്തി അടിയന്തിര കർമ പരിപാടി പ്രാദേശിക തലത്തില്‍ രൂപവത്കരിക്കാനും തദ്ദേശവകുപ്പ് ഉത്തരവിട്ടു.