ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല നിലയത്തില്‍ ശാസ്ത്ര പരീക്ഷണങ്ങള്‍ ആരംഭിച്ചു. 14 ദിവസത്തെ ദൗത്യത്തിനായി നിലയത്തിലെത്തിയ ആക്‌സിയം 4 ദൗത്യ സംഘാംഗങ്ങളെല്ലാം അവരെ ചുമതലപ്പെടുത്തിയ ശാസ്ത്ര ദൗത്യങ്ങളില്‍ വ്യാപൃതരായിരിക്കുകയാണെന്ന് ആക്‌സിയം സ്‌പേസ് പറയുന്നു.
ബഹിരാകാശത്തെ അസ്ഥിപേശീ ശോഷണത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുകയാണ് ലക്ഷ്യം. വിവിധ ഇന്ത്യന്‍ ലബോറട്ടറികളില്‍ നിന്നുള്ള ഏഴ് പരീക്ഷണങ്ങളാണ് ശുഭാംശു ശുക്‌ള ബഹിരാകാശ നിലയത്തില്‍ നടത്തുക. അതിലൊന്നാണ് മയോജെനസിസ് പരീക്ഷണം. ബെംഗളുരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റെം സെല്‍ സയന്‍സ് ആന്റ് റിജനറേറ്റീവ് മെഡിസിന് വേണ്ടിയാണിത് (ഇന്‍സ്റ്റെം) നടത്തുന്നത്.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിലൂടെ ബഹിരാകാശ സഞ്ചാരികള്‍ നേരിടുന്ന അസ്ഥിപേശികളുടെ നശീകരണം ഉള്‍പ്പടെയുള്ള അവസ്ഥകള്‍ക്കുള്ള ചികിത്സകള്‍ വികസിപ്പിക്കാനാവും. ഒപ്പം ഭൂമിയിലുള്ളവര്‍ക്കും പേശീ നശീകരണം പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാവും.
ഇന്ത്യയില്‍നിന്നുള്ള മൈക്രോ ഗ്രാവിറ്റി പരീക്ഷണ ദൗത്യങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് ഐഎസ്ആര്‍ഒ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയുടെ ബഹിരാകാശ നിലയ പദ്ധതികളിൽ അതിനുള്ള അവസരം ഒരുക്കാനുമാവും.