കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മൂടൽമഞ്ഞ് രൂപപ്പെട്ടത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മാൻദൗസ് ചുഴലിക്കാറ്റിൻ്റെ പ്രഭാവം മൂലമെന്ന് കാലാവസ്ഥാ വിദഗ്ധർ.മൂടൽമഞ്ഞിനെ തുടർന്ന് ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടിരുന്നു.അതിതീവ്ര ന്യൂനമർദമായ മാൻദൗസ് ചുഴലിക്കാറ്റ് ഇപ്പോൾ ശക്തി കുറഞ്ഞ് അറബിക്കടലിൽ ഗോവൻ തീരത്തുനിന്ന് 700 കിലോമീറ്റർ തെക്കുപടിഞ്ഞാറ് ഭാഗത്താണുള്ളത്.

ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ കഴിഞ്ഞദിവസങ്ങളിൽ അന്തരീക്ഷം
കൂടുതൽ മേഘാവൃതമായിരുന്നു. സൂര്യപ്രകാശം കുറഞ്ഞ അളവിലാണ് ഭൂമിയിൽ പതിച്ചത്.
പലപ്രദേശങ്ങളിലും വൈകിട്ടോടെ ശക്തമായ മഴ പെയ്തു. അന്തരീക്ഷ താപനില 22 ഡിഗ്രിവരെ താഴ്ന്നു. മേഘാവൃതമായ
അന്തരീക്ഷത്തിലേക്ക് മഴയെ തുടർന്ന് നീരാവിയും നിറഞ്ഞതോടെ കനത്ത മൂടൽമഞ്ഞ്
രൂപപ്പെടുകയായിരുന്നു.