റായ്പൂര്‍: മതപരിവർത്തനം ഉണ്ടായിട്ടില്ലെന്നും കന്യാസ്ത്രീകൾ നിരപരാധികളാണെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ചത്തീസ്ഗഢില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മലയാളി കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍ വെളിപ്പെടുത്തി. ബജ്റംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മ്മയുടെ നേതൃത്വത്തില്‍ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചെന്ന് പെണ്‍കുട്ടികള്‍ ആരോപിച്ചു. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു മര്‍ദ്ദനം. റേപ്പ് ചെയ്യുമെന്ന് ഒപ്പമുള്ളവര്‍ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടികള്‍ പറയുന്നു.
'സ്വന്തം ഇഷ്ടപ്രകാരം, മാതാപിതാക്കളുടെ സമ്മതത്തോടെയാണ് കന്യാസ്ത്രീകള്‍ക്കൊപ്പം പോയത്. പാചക ജോലിക്കാണെന്നും സംരക്ഷണം നൽകാമെന്നും ഉറപ്പ് നല്‍കിയിരുന്നു. മതപരിവര്‍ത്തനമോ മനുഷ്യക്കടത്തോ ഉണ്ടായിട്ടില്ല', പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു പെണ്‍കുട്ടികളുടെ പ്രതികരണം. കന്യാസ്ത്രീകള്‍ നിരപരാധികളാണ്. ജോലിക്ക് പോയത് മാതാപിതാക്കളുടെ സമ്മതപ്രകാരമാണ്. ജ്യോതി ശര്‍മയെ ജയിലില്‍ അടയ്ക്കണം. പരാതിയുമായി മുന്നോട്ട് പോകുമെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.
സത്യം പറയരുതെന്നും താന്‍ പറയുന്നതേ പറയാവൂ എന്നും ജ്യോതി ശര്‍മ ഭീഷണിപ്പെടുത്തി. പൊലീസുകാരും ഭീഷണിപ്പെടുത്തി. വീട്ടില്‍ പോകണോ ജയിലില്‍ പോകണോ എന്ന് ഭീഷണിപ്പെടുത്തി. ചെറുപ്പം മുതല്‍ തങ്ങൾ ക്രൈസ്തവ വിശ്വാസികളാണ്. മതപരിവര്‍ത്തനം ഉണ്ടായിട്ടില്ല. കന്യാസ്ത്രീകള്‍ക്കെതിരായ ആരോപണങ്ങള്‍ തെറ്റാണ്. ജോലി ചെയ്ത് കുടുംബം പോറ്റണം. സംരക്ഷിക്കാം, ജോലി നല്‍കാം എന്നാണ് കന്യാസ്ത്രീകൾ പറഞ്ഞത്. പഠിപ്പിക്കാം എന്നും കന്യാസ്ത്രീകള്‍ പറഞ്ഞുവെന്ന് പെണ്‍കുട്ടികള്‍ വെളിപ്പെടുത്തി.
നിയമനടപടിയുമായി മുന്നോട്ടെന്ന് തന്നെയാണ് പെണ്‍കുട്ടികള്‍ പറയുന്നത്. ഇവരുടെ പരാതിയില്‍ നിലവില്‍ ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല. നാരായണ്‍പൂരില്‍ സിപിഐ സംരക്ഷണയിലാണ് ഇപ്പോള്‍ ഈ പെണ്‍കുട്ടികള്‍ ഉള്ളത്.