പതിനേഴുകാരൻ ടിപ്പറും മണ്ണുമാന്തിയും ഓടിക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിലിട്ടു, പോലീസിന്റെ റിപ്പോർട്ടിൽ ഉടമയ്ക്ക് 10,000 രൂപ പിഴയിടുകയും, ആശുപത്രിയിൽ 3 ദിവസത്തെ സാമൂഹിക സേവനം നിർദേശിക്കുകയും ചെയ്ത് മോട്ടോർ വാഹനവകുപ്പ്.
തിരുവല്ല കവിയൂർ പടിഞ്ഞാറ്റുശ്ശേരി കാട്ടാശ്ശേരി കുഞ്ഞുമോൻ ആണ് ശിക്ഷണനടപടികൾക്ക് വിധേയനായത്.
മറ്റൊരു കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി വന്നതിനെതുടർന്ന് തിരുവല്ല പോലീസ് കുറ്റപ്പുഴ സ്വദേശിയായ പ്ലസ് ടൂ വിദ്യാർത്ഥിയോട് ഈമാസം 12 നാണ് പരാതി സംബന്ധിച്ച വിവരങ്ങൾ തിരക്കിയറിഞ്ഞത്. ഇതിനിടെയാണ് ജെ സി ബിയും ടിപ്പറും ഓടിച്ചതും, ദൃശ്യങ്ങൾ റീൽസ് ആയി സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇട്ടതും കുട്ടി വെളിപ്പെടുത്തിയത്.
തുടർന്ന്, തിരുവല്ല പോലീസ് വീഡിയോ പരിശോധിക്കുകയും, ഉടമയ്ക്കെതിരെ കർശന നിയമനടപടിക്കായി ശുപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് അന്നുതന്നെ തിരുവല്ല ജോയിന്റ് ആർ ടി ഒയ്ക്ക് അയക്കുകയും ചെയ്തു.തിരുവല്ല കുറ്റൂർ ഭാഗത്ത് മണ്ണെടുക്കുന്ന സ്ഥലത്താണ് വാഹനങ്ങൾ ഉടമയുടെ അനുവാദത്തോടെ 17 കാരൻ ഓടിച്ചത്. നടപടി വന്നതോടെ കുട്ടി വീഡിയോ ഇൻസ്റ്റാഗ്രാമിൽ നിന്നും ഡിലീറ്റ് ചെയ്യുകയും ചെയ്തു.