സെക്യൂരിറ്റി അസിസ്റ്റന്റ് മോട്ടോർ ട്രാൻസ്പോർട്ട് തസ്തികകളിലേക്ക് 455 ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി. പത്താം ക്ലാസ് പാസ്സായവർക്ക് അപേക്ഷിക്കാവുന്ന ഈ തസ്തികകളിലേക്ക്, ഡ്രൈവിങ് ലൈസൻസും പ്രവൃത്തി പരിചയവുമുള്ളവർക്കാണ് മുൻഗണന. താല്‍പ്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ www(dot)mha(dot)gov(dot)in സന്ദർശിച്ച് സെപ്റ്റംബർ 6 മുതല്‍ സെപ്റ്റംബർ 28 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.
തസ്തികകളും സംവരണവും:
പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, ആകെ 455 തസ്തികകളാണുള്ളത്. ഇതില്‍ 219 തസ്തികകള്‍ പൊതുവിഭാഗം ഉദ്യോഗാർത്ഥികള്‍ക്കായി മാറ്റിവെച്ചിരിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന (EWS) വിഭാഗത്തിന് 46 ഒഴിവുകളുണ്ട്. മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് (OBC) 90 ഒഴിവുകളും, പട്ടികജാതി (SC) വിഭാഗത്തിന് 51 ഒഴിവുകളും, പട്ടികവർഗ്ഗ (ST) വിഭാഗത്തിന് 49 ഒഴിവുകളും നീക്കിവെച്ചിരിക്കുന്നു.
അപേക്ഷിക്കാനുള്ള യോഗ്യതകള്‍:
ഈ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാൻ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പാസ്സായിരിക്കണം എന്നതാണ്. ഇതിനോടൊപ്പം, ഉദ്യോഗാർത്ഥികള്‍ക്ക് ലൈറ്റ് മോട്ടോർ വെഹിക്കിള്‍ (LMV) വിഭാഗത്തിലുള്ള ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.
ഡ്രൈവിങ് ലൈസൻസ് ലഭിച്ചതിന് ശേഷം ഒരു വർഷത്തെ ഡ്രൈവിങ് പരിചയവും അപേക്ഷകർക്ക് നിർബന്ധമാണ്. അപേക്ഷകർ ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത്, ആ സംസ്ഥാനത്തെ സ്ഥിര താമസക്കാരനായിരിക്കണം എന്നതാണ് ഈ റിക്രൂട്ട്‌മെന്റിലെ ഒരു പ്രധാന നിബന്ധന.
പ്രായപരിധി, അപേക്ഷാ ഫീസ്, അപേക്ഷാ രീതി
അപേക്ഷകരുടെ പ്രായം 18നും 27നും ഇടയിലായിരിക്കണം. എന്നാല്‍, സർക്കാർ നിയമങ്ങള്‍ അനുസരിച്ച്, സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. അപേക്ഷാ ഫീസ് സംബന്ധിച്ച്, പൊതുവിഭാഗം, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 650 രൂപയാണ് ഫീസ്. മറ്റ് വിഭാഗങ്ങളിലുള്ള എല്ലാ ഉദ്യോഗാർത്ഥികള്‍ക്കും 550 രൂപയാണ് അപേക്ഷാ ഫീസ്.