തിരു.: നിത്യഹരിത നായകൻ പ്രേംനസീറിന്റെ മെഴുകു പ്രതിമ തലസ്ഥാനത്ത് വരുന്നു. മെഴുകു പ്രതിമ ശിൽപി സുനിൽ കണ്ടല്ലൂരാണ് ഈ പ്രതിമ നിർമ്മിക്കുന്നത്. പ്രേംനസീർ സുഹൃത് സമിതിയുമായി സഹകരിച്ച്, കിഴക്കേക്കോട്ടയിലെ സുനിൽ വാക്സിൻ മ്യൂസിയത്തിൽ സ്ഥാപിക്കുന്ന മെഴുകുപ്രതിമ നിർമ്മാണോൽഘാടനം തിങ്കളാഴ്ച നടക്കും. ചടങ്ങിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ ഉത്ഘാടനം നിർവഹിക്കും. സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, സാഹിത്യകാരൻ സബീർ തിരുമല എന്നിവർ സംബന്ധിക്കും.
മൂന്ന് മാസങ്ങൾക്കകം പ്രതിമയുടെ നിർമ്മാണം പൂർത്തിയാക്കുമെന്ന് ശിൽപ്പി സുനിൽ കണ്ടല്ലൂർ അറിയിച്ചു. തലസ്ഥാന നഗരിയിൽ മഹാനായ നടൻ പ്രേംനസീറിന്റെ പേരിൽ ഒരു സ്മാരകവും ഇല്ലാത്തത് ഖേദകരമായതിനാലാണ് സുനിൽ കണ്ടല്ലൂർ തന്റെ ചെലവിൽ ഇത്തരമൊരു പ്രതിമ സ്ഥാപിക്കുവാൻ പ്രേംനസീർ സുഹൃത് സമിതിയുമായി കൈകോർത്തത്. ചടങ്ങിൽ വെച്ച് സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയവരെ ഉപഹാരങ്ങൾ നൽകി ആദരിക്കും.