വാഹനാപകടത്തിൽ പരുക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പറും ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനുമായ ഋഷഭ് പന്ത് വരുന്ന ഐപിഎൽ സീസണിൽ കളിക്കില്ല. ഇക്കാര്യം ബിസിസിഐയുടെ മുൻ പ്രസിഡന്റും, ഡൽഹി ക്യാപിറ്റൽസിൻ്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റുമായ സൗരവ് ഗാംഗുലി സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ഡിസംബർ 30നാണ് വാഹനാപകടത്തിൽ പന്തിനു പരുക്കേറ്റത്. അമിതവേഗത്തിലെത്തിയ പന്തിൻ്റെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. "ഋഷഭ് പന്ത് ഐപിഎലിൽ കളിക്കില്ല. ഡൽഹി ക്യാപിറ്റൽസുമായി ഞാൻ ബന്ധപ്പെടുന്നുണ്ട്. നല്ല ഒരു ഐപിഎൽ സീസണാവും ടീമിന്. ഞങ്ങൾ നല്ല പ്രകടനം നടത്തും. പക്ഷേ, പന്തിൻ്റെ പരുക്ക് ഞങ്ങളെ ബാധിക്കും." ഗാംഗുലി പറഞ്ഞതായി സ്പോർട്സ് ടുഡേ റിപ്പോർട്ട് ചെയ്തു. ഋഷഭ് പന്തിൻ്റെ ശസ്ത്രക്രിയ വിജയകരമായി നടത്തിയിരുന്നു. വലത് കാൽ മുട്ടിലാണ് ശസ്ത്രക്രിയ നടത്തിയത്.ഡെറാഡൂൺ-ഡൽഹി ദേശീയപാതയിലാണ് ഋഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. പന്ത് തന്നെയായിരുന്നു കാർ ഓടിച്ചിരുന്നത്.
