ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും നല്ല ബാറ്റർമാരിൽ ഒരാളാണ് വിരേന്ദർ സെവാഗ്. എതിർ ബൗളർമാരിൽ ഭയം സൃഷ്ടിക്കുന്ന തരത്തിലുള്ള ബാറ്റിങ്ങായിരുന്നു സെവാഗിന്റേത്. 2007-2008 കാലത്ത് മോശം ഫോമിനെ തുടർന്ന് ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതിനെ പറ്റി ചിന്തിച്ചിരുന്നു എന്ന് പറയുകയാണ് അദ്ദേഹമിപ്പോൾ.
ഓസ്‌ട്രേലിയ-ശ്രീലങ്ക എന്നിവർക്കെതിരെയുള്ള ത്രിരാഷ്ട്ര പരമ്പരയിലെ മോശം ഫോമിന് ശേഷം ഇത്തരത്തിലുള്ള ചിന്തയുണ്ടായി എന്ന് അദ്ദേഹം പറഞ്ഞു. സച്ചിൻ ടെണ്ടുൽക്കറിനോട് ഇതിനെ കുറിച്ച് സംസാരിച്ചെന്നും എന്നാൽ ഇപ്പോൾ അങ്ങനെ ഒരു തീരുമാനമെടുക്കരുതെന്ന് അദ്ദേഹം പറഞ്ഞെന്നും സെവാഗ് പറയുന്നു.
'ഓസ്‌ട്രേലിയയിൽ 2007-08ൽ നടന്ന പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തിന് ശേഷം ധോണിയെന്നെ ടീമിൽ നിന്നും പുറത്താക്കി. അതിന് ശേഷം ഒരുപാട് കളിയിൽ ഞാൻ പുറത്തായി. പ്ലെയിങ് ഇലവനിൽ കളിക്കാൻ സാധിക്കുന്നില്ലെങ്കിൽ പിന്നെ ഇതിൽ കാര്യമൊന്നുമില്ലെന്ന് എനിക്ക് തോന്നി.
അതിന് ശേഷം ഞാൻ ടെണ്ടുൽക്കറിനോട് വിരമിക്കുന്നതിനെ പറ്റി പറഞ്ഞു. 1999-2000 കാലഘട്ടത്തിൽ തനിക്കും ഇങ്ങനെ ഉണ്ടായിരുന്നുവെന്നും താനും ക്രിക്കറ്റ് നിർത്തിയാലോ എന്ന് ചിന്തിച്ചിരുന്നുവെന്ന്് സച്ചി പറഞ്ഞു. അതിനാൽ ഈ ഫേസ് കഴിയും, ഇമോഷണൽ ആകുമ്പോൾ ഒരിക്കൽലും തീരുമാനമെടുക്കരുത് കുറച്ച് കൂടി സമയം കൊടുക്കു എന്നൊക്കെ സച്ചിൻ എന്നോട് പറഞ്ഞു. അടുത്ത പരമ്പരയിൽ ഞാൻ കളിക്കുകയും ഒരുപാട് റൺസ് അടിച്ചെടുക്കുകയും ചെയ്തു. പിന്നീട് 2011 കളിക്കാനും ഞാൻ പോയി അത് നേടാനും സാധിച്ചു,' അദ്ദേഹം പറഞ്ഞു.