പത്തനംതിട്ട: കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് ഒരാൾ മരിച്ചു. തിരുവല്ല മന്നംകരചിറയിലാണ് അപകടം നടന്നത്. കാരയ്ക്കൽ സ്വദേശി ജയകൃഷ്ണനാണ് (22) മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റു മൂന്ന് പേരെ ഫയർഫോഴ്‌സ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ജയകൃഷ്‌ണൻ്റെ സുഹൃത്തുക്കളായ അനന്തു, ഐബി എന്നിവരാണ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.
ഇന്നലെ രാത്രി 11.30യോടെയാണ് അപകടം നടന്നത്. റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് വാഹനം കുളത്തിലേക്ക് വീണത്. പരിക്കേറ്റ ഐബിയുടെ നില ഗുരുതരമാണ്. ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അനന്തുവിന് ചെവിക്ക് നിസാര പരിക്ക് മാത്രമാണ് ഏറ്റത്. ഇദ്ദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. ജയകൃഷ്ണനെയും അപകടത്തിന് ശേഷം താലൂക്ക് ആശുപത്രിയിലേക്കാണ് എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.