തിരുവനന്തപുരം: മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കോൺഗ്രസ്സ് സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നിലും പ്രതിഷേധ സദസ് സംഘടിപ്പിക്കും. കുന്നംകുളം പൊലീസ് സ്റ്റേഷന് മുന്നിലാണ് സംസ്ഥാനതല ഉദ്ഘാടനം. കെപിസിസി അധ്യക്ഷനാണ് പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുക. മര്‍ദന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ തുടരുകയാണ്. മുഖ്യമന്ത്രിയും വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ പ്രതിഷേധം.
യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് തിരുവനന്തപുരം വെഞ്ഞാറമൂട് നടക്കുന്ന പ്രതിഷേധ സദസിലാണ് പങ്കെടുക്കുക. എംഎം ഹസന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ തുടങ്ങിയ നേതാക്കളും വിവിധ പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ നടക്കുന്ന പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.
2023 ഏപ്രിൽ അഞ്ചിനാണ് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽവെച്ച് പൊലീസുകാർ ക്രൂര മർദനത്തിന് ഇരയാക്കിയത്. സ്റ്റേഷനിലെത്തിച്ച തന്നെ പൊലീസ് ലാത്തികൊണ്ട് കാലിന് പതിനഞ്ച് മിനുട്ടോളം അടിച്ചെന്നും കുടിക്കാൻ വെള്ളം ചോദിച്ചിട്ട് തന്നില്ലെന്നും സുജിത്ത് ആരോപിച്ചിരുന്നു. വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു പൊലീസിന്റെ ക്രൂരത.
പീച്ചി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെതിരെയും മർദന ആരോപണമുയർന്നിരുന്നു. പട്ടിക്കാട് സ്ഥിതി ചെയ്യുന്ന ലാലീസ് ഹോട്ടലിന്റെ ഉടമ കെ പി ഔസേപ്പ്, മകന്‍ പോള്‍ ജോസഫ്, ഹോട്ടല്‍ മാനേജര്‍ റോണി ജോണ്‍ എന്നിവരെയായിരുന്നു അന്ന് പീച്ചി എസ്‌ഐ ആയിരുന്ന രതീഷ് മര്‍ദ്ദിച്ചത്.