തിരുവനന്തപുരം: നെടുമങ്ങാട് മന്ത്രി പങ്കെടുക്കുന്ന പാലം ഉദ്ഘാടനത്തിനു വന്നില്ലെങ്കിൽ നൂറു രൂപ പിഴ ഈടാക്കുമെന്നു കുടുംബശ്രീ അംഗങ്ങൾക്കു വാർഡ് മെമ്പറിൻ്റെ മുന്നറിയിപ്പ്. ആനാട് പഞ്ചായത്ത് സിപിഐ വാർഡ് മെമ്പർ എ.എസ്.ഷീജയുടെ ശബ്ദസന്ദേശം പുറത്ത്. മന്ത്രി മുഹമ്മദ് റിയാസ് ഞായറാഴ്ച വൈകിട്ടാണ് പഴകുറ്റി പാലം ഉദ്ഘാടനം ചെയ്യുന്നത്.ഈ ചടങ്ങിൽ എല്ലാ കുടുംബശ്രീ അംഗങ്ങളും പങ്കെടുക്കണമെന്നു നിർദേശിച്ചു കൊണ്ട് വാട്സാപ് ഗ്രൂപ്പിലാണ് ഷീജ ശബ്ദസന്ദേശം അയച്ചത്. മന്ത്രി ജി.ആർ.അനിലിൻ്റെ മണ്ഡലത്തിലാണു ചടങ്ങ്. "പ്രിയപ്പെട്ട കുടുംബശ്രീ അംഗങ്ങളെ, വരുന്ന ഞായറാഴ്ച നമ്മുടെ പഴകുറ്റി പാലത്തിൻ്റെ ഉദ്ഘാടനമാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നെടുമങ്ങാടിൻ്റെ മന്ത്രി ജി.ആർ.അനിൽ ആണ് അധ്യക്ഷത വഹിക്കുന്നത്. രണ്ടു മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടിയാണ്. നമ്മുടെ വാർഡിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. വരുന്ന ഞായറാഴ്ച ഒരു കുടുംബശ്രീയും വയ്ക്കേണ്ടതില്ല. കുടുംബശ്രീയിലുള്ള എല്ലാവരുമായി ക്യത്യം നാലരയ്ക്കു പഴകുറ്റി പാലത്തിൽ എത്തിച്ചേരുക. വരാത്തവരിൽനിന്നു നൂറു രൂപ പിഴ ഈടാക്കുന്നതാണ്" എന്നാണ് ശബ്ദസന്ദേശം.
