ജൂലായ് 22-ന് കോട്ടയത്ത് ആർഎസ്എസ് നാലിന് 215 രൂപ വരെ വ്യാപാരം നടന്നിടത്ത് ഓഗസ്റ്റ് 18-ന് വില 190 രൂപയായി. ഇടവിട്ടുള്ള ശക്തമായ മഴ കേരളത്തിൽ വിളവെടുപ്പിനെ ബാധിച്ചിട്ടുണ്ട്. ഓണത്തോടെ മെച്ചമായ വിലയിലേക്ക് നീങ്ങുമെന്ന പ്രതീക്ഷ ഉണ്ടായാലേ ടാപ്പിങ്ങും ഉഷാറാകൂ. പക്ഷേ, പകരച്ചുങ്ക വിഷയത്തിൽ എന്തു മാറ്റം എന്നത് നോക്കുകയാണ് ടയർ കമ്പനികൾ. അന്താരാഷ്ട്ര വിപണിയിലും വീഴ്ച തുടരുകയാണ്
ആർഎസ്എസ് നാലിന് ബാങ്കോക്ക് വില 185.96 രൂപയാണ്. മറ്റ് വിപണികളിലും സമാനമായ പ്രവണത കാണിച്ചു. ഇന്ത്യൻവില മെച്ചപ്പെട്ട നിലയിൽ രേഖപ്പെടുത്തുന്ന റബ്ബർബോർഡിൻ്റെ പട്ടികയിലും ചുവപ്പ് കലർന്നു. ആർഎസ്എസ് നാലിന് 198 രൂപയാണ് അവർ രേഖപ്പെടുത്തിയ വില. വിലയിടിക്കാൻ ലക്ഷ്യമിട്ട് ചൈനീസ് ഏജൻസികൾ വിപണി വിട്ടു എന്നാണ് തായ് കർഷകർ ആരോപിക്കുന്നത്. കച്ചവട സാധ്യതകളുടെ മാറ്റംമറിച്ചിൽ കാരണം ചൈനീസ് ഉത്പാദനമേഖല ജാഗ്രത പുലർത്തുന്നതിൻ്റെ ഭാഗമാണ് അവരുടെ വിട്ടുനിൽക്കലെന്നാണ് ഔദ്യോഗിക വിശദീകരണം.
വിലക്കുറവിൽ അന്താരാഷ്ട്ര വിപണിയിൽനിന്ന് ഇന്ത്യൻ ടയർ കമ്പനികൾ വളരെ കൂടുതൽ ചരക്കെടുക്കുന്നില്ലെന്നാണ് അവർ പറയുന്നത്. പക്ഷേ, കർഷകർ അത് വിശ്വസിക്കുന്നില്ല. കമ്പനികൾ ശേഖരം സജ്ജമാക്കി തദ്ദേശീയ വില ഉയരുമ്പോൾ ഇത് പുറത്തെടുത്ത് ഇന്ത്യൻ റബ്ബർ നിയന്ത്രിച്ച് വാങ്ങുക എന്ന പഴയരീതി തുടരുന്നുണ്ടെന്നാണ് കർഷകർ പറയുന്നത്.