കൊച്ചി: എറണാകുളം കടവന്ത്രയിൽ കീഴുദ്യോഗസ്ഥയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർത്തി ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയുടെ മൊബൈൽ ഫോണിൽനിന്ന് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. നിരവധി യുവതികളുടെ സ്വകാര്യ ദൃശ്യങ്ങളാണ് 25കാരന്‍റെ മൊബൈലിൽ നിന്ന് ലഭിച്ചത്.
ഭീഷണിപ്പെടുത്തി പണം തട്ടുകയെന്ന ലക്ഷ്യത്തോടെയാണ് മലപ്പുറം എടപ്പാൾ സ്വദേശിയായ അജിത്ത് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങൾ പുറത്തുവിടാതിരിക്കാൻ ഇരുപതിനായിരം രൂപ വരെയാണ് ഇയാൾ പലരോടായി ആവശ്യപ്പെട്ടത്. പ്രതി മുൻപ് ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിൽ നിന്നും പൊലീസിന് പരാതി ലഭിച്ചു.
യുവതികളുടെ മൊബൈൽ മോഷ്ടിച്ച് ഇയാൾ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നും പരാതിയുണ്ട്. മൊബൈലിൽ നിന്ന് കൈക്കലാക്കിയ സ്വകാര്യ ദൃശ്യങ്ങൾ പുറത്തു വിടാതിരിക്കാൻ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസിൽ കഴിഞ്ഞ ദിവസമാണ് അജിത്ത് ബാബുവിനെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്.
കടവന്ത്രയിലെ സ്വകാര്യ സ്ഥാപനത്തിൽ മാനേജരായി ജോലി ചെയ്തിരുന്ന അജിത്ത് ട്രെയിനിയായി എത്തിയ പെൺകുട്ടിയോട് വൈഫൈ കണക്ട് ചെയ്ത് തരാമെന്ന് പറഞ്ഞ് മൊബൈൽ വാങ്ങി ഫോണിലുണ്ടായിരുന്ന ദൃശ്യങ്ങൾ കൈക്കലാക്കുകയായിരുന്നു. ചിത്രങ്ങൾ അജിത്ത് അയാളുടെ ഫോണിലേക്ക് അയച്ച കാര്യം യുവതി അറിഞ്ഞില്ല. എന്തിനാണ് മൊബൈൽ വാങ്ങുന്നതെന്ന് ചോദിച്ചപ്പോൾ സെക്യൂരിറ്റി ആവശ്യങ്ങൾക്കാണെന്നാണ് അജിത് മറുപടി നൽകിയത്.
മോശമായി പെരുമാറിയെന്ന മറ്റൊരു യുവതിയുടെ പരാതിക്ക് പിന്നാലെ സ്ഥാപനത്തിൽ നിന്നും ഇയാളെ പിരിച്ചുവിട്ടിരുന്നു. തുടർന്ന് ബെംഗളൂരുവിലേക്ക് പോയ ഇയാൾ ചിത്രങ്ങൾ പുറത്തുവിടുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. ഇതോടെ യുവതി കടവന്ത്ര പൊലീസിൽ പരാതി നൽകുകയായിരുന്നു. കടവന്ത്ര പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബെംഗളൂരുവിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.












































































