തിരുവനന്തപുരം : സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് തോറ്റം പാട്ടോടെ ഇന്ന് തുടക്കമാകും.
രാവിലെ 8 ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ തോറ്റംപാട്ട് അവതരണത്തിനും തുടക്കമാകും.
കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒന്നിച്ചു വരുന്ന ഒൻപതാം ഉത്സവ ദിവസമായ ഫെബ്രുവരി 25 നാണു 2024 ലെ ആറ്റുകാൽ പൊങ്കാല നടക്കുന്നത്.
25 ന് രാവിലെ പത്തരയോടെ പണ്ടാര അടുപ്പില്‍ തീ കത്തിക്കും. ഉച്ചയ്ക്ക് 2.30 നാണ് പൊങ്കാല നിവേദിക്കുന്നത്. 26ന് ഉത്സവം അവസാനിക്കും. താലപ്പൊലി, കുത്തിയോട്ടം വിളക്കുകെട്ട്, പുറത്തെഴുന്നള്ളത്ത്, തട്ടനിവേദ്യം തുടങ്ങിയവയാണ് ആറ്റുകാൽ പൊങ്കാല മഹോത്സവത്തിലെ പ്രധാന ചടങ്ങുകൾ.












































































