ചരിത്ര ഭൂമിയുടെ ചുവന്നമണ്ണിൽ ചെങ്കൊടി ഉയർന്നതോടെ സിപിഐ ജില്ലാ സമ്മേളനത്തിന് വൈക്കത്ത് തുടക്കം. സമ്മേളനത്തിന് വിളംബരമോതിക്കൊണ്ട്, പി കൃഷ്ണപിള്ളയുടെ ജന്മനാടിനെ കൂടുതൽ ചുവപ്പണിയിച്ച് ഇന്നലെ ചുവപ്പുസേനാ മാർച്ച് നടന്നു. ഓരോ മണ്ഡലം കമ്മറ്റിയുടെയും നേതൃത്വത്തിൽ ചടുലമായ ചുവടുകളുമായി ആയിരക്കണക്കിന് ചുവപ്പുസേനാംഗങ്ങൾ അണിനിരന്ന പരേഡ് വിപ്ലവഭൂമിക്ക് കൂടുതൽ ആവേശമേകി. വൈക്കം വലിയകവലയിൽനിന്നാരംഭിച്ച് ബോട്ടുജെട്ടി മൈതാനിയിലെ സമ്മേളന നഗറിലേക്ക് ചുവപപ്പുസേനാ മാർച്ച് എത്തിയതോടെ സമ്മേളനത്തിന് തുടക്കും കുറിച്ചുകൊണ്ടുള്ള പതാക വാനിലുയർന്നു. സംഘാടക സമിതി ചെയർമാൻ ജോൺ വി ജോസഫ് പതാക ഉയർത്തി. മുഷ്ടി ചുരുട്ടി ഉയർന്ന കരങ്ങളോടെ മുദ്രാവാക്യം വിളികളോടെ ആ രക്തപതാകയെ പ്രവർത്തകർ നെഞ്ചിലേറ്റി.
സമ്മേളനത്തിന്റെ ഭാഗമായി വൈക്കത്തെ, സമ്മേളനനഗരിയിലേക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും നാല് ജാഥകളാണ് എത്തിയത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കായി ജീവിച്ച സഖാക്കളുടെ സ്മൃതികുടീരങ്ങളിൽ നിന്നും ആരംഭിക്കുന്ന ജാഥകൾ വിവിധ കേന്ദ്രങ്ങളിൽ ആവേശോജ്വലമായ സ്വീകരണങ്ങളേറ്റുവാങ്ങി വൈക്കത്ത് സംഗമിച്ചു.
സമ്മേളന നഗറിൽ ഉയർത്താനുള്ള പതാകയും വഹിച്ചുകൊണ്ടുള്ള ജാഥ വാഴൂരിൽ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സ്മൃതി മണ്ഡപത്തിൽനിന്നുമാണ് എത്തിയത്. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മോഹൻ ചേന്നംകുളം ക്യാപ്റ്റനും, എഐവൈഎഫ് ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് വൈസ് ക്യാപ്റ്റനും, സിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി സി ജി ജ്യോതിരാജ് ഡയറക്ടറുമായുള്ള ജാഥ, പാർട്ടി സംസ്ഥാന കൗൺസിലംഗം ഒ പി എ സലാം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു സമ്മേളന നഗറിൽ പതാക ഏറ്റുവാങ്ങി.
കോട്ടയത്ത് എൻ കെ സാനൂജന്റെ സ്മൃതിമണ്ഡപത്തിൽനിന്നും, കുറവിലങ്ങാട് എൻ എം മോഹനന്റെ സ്മൃതി മണ്ഡപത്തിൽനിന്നുമായി രണ്ട് ബാനർ ജാഥകളാണ് എത്തിയത്. കോട്ടയത്ത്, സിപിഐ ജില്ലാ എക്സിക്യുട്ടീവംഗം അഡ്വ. ബിനു ബോസ് ക്യാപ്റ്റനായുള്ള ജാഥ സംസ്ഥാന കൗൺസിലംഗം അഡ്വ. വി കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഐപ്‍സോ സംസ്ഥാന സെക്രട്ടറി ബൈജു വയലത്ത് വൈസ് ക്യാപ്റ്റനും, സിപിഐ കോട്ടയം മണ്ഡലം സെക്രട്ടറി അഡ്വ. സന്തോഷ് കേശവനാഥ് ഡയറക്ടറുമായ ജാഥയാണ് കോട്ടയത്തുനിന്നും എത്തിയത്. ജില്ലാ എക്സിക്യുട്ടീവംഗം ഇ എൻ ദാസപ്പൻ ബാനർ ഏറ്റുവാങ്ങി.
കുറവിലങ്ങാടുനിന്നും ജില്ലാ എക്സിക്യുട്ടീവംഗം അഡ്വ. തോമസ് വി ടി ക്യാപ്റ്റനും, എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് ജിജോ ജെ ജോസഫ് വൈസ് ക്യാപ്റ്റനും, കടുത്തുരുത്തി മണ്ഡലം സെക്രട്ടറി പി ജി ത്രിഗുണസെൻ ഡയറക്ടറുമായ ജാഥ ജില്ലാ ട്രഷറർ ബാബു കെ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. പാർട്ടി സംസ്ഥാന കൗൺസിലംഗം ലീനമ്മ ഉദയകുമാർ ബാനർ ഏറ്റുവാങ്ങി.
സമ്മേളന നഗരിയിൽ സ്ഥാപിക്കാനുള്ള കൊടിമരം തലയോലപ്പറമ്പ് വൈക്കപ്രയാർ ലൈല രാധാകൃഷ്ണന്റെ സ്മൃതി മണ്ഡപത്തിൽനിന്നുമാണ് എത്തിയത്. പാർട്ടി സംസ്ഥാന കൗൺസിലംഗം ആർ സുശീലൻ കൊടിമര ജാഥ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യുട്ടീവംഗം കെ അജിത്ത് ക്യാപ്റ്റനായിരുന്ന ജാഥയിൽ മഹിളാസംഘം സംസ്ഥാന കമ്മറ്റിയംഗം പി എസ് പുഷ്പമണി വൈസ് ക്യാപ്റ്റനും സിപിഐ തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി സാബു പി മണലൊടി ഡയറക്ടറുമായിരുന്നു. കൊടിമരം ജില്ലാ എക്സിക്യുട്ടീവംഗം ടി എൻ രമേശൻ ഏറ്റുവാങ്ങി. പതാക-കൊടിമര-ബാനർ ജാഥകൾ ബോട്ടുജെട്ടി മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയ കാനം രാജേന്ദ്രൻ നഗറിൽ സംഗമിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാവും. പ്രതിനിധി സമ്മേളനം സിപിഐ ദേശീയ എക്സിക്യുട്ടീവംഗം പി സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്യും. ഇന്ന് വൈകുന്നേരം നടക്കുന്ന ജന്മശതാബ്ദി സമ്മേളനം കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസം നീളുന്ന പ്രതിനിധി സമ്മേളനത്തോടെ 10ന് ജില്ലാ സമ്മേളനം സമാപിക്കും.