വാല്‍പാറ ആയിപ്പാടി എസ്‌റ്റേറ്റിലെ തൊഴിലാളിയായ അസം സ്വദേശിയുടെ മകന്‍ സൈബുള്‍ ആണ് പുലിയുടെ ആക്രമണത്തില്‍ മരിച്ചത്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ട് പോവുകയായിരുന്നു. വാല്‍പാറയില്‍ എട്ടുമാസത്തിനിടെ മൂന്നാമത്തെ കുട്ടിയെയാണ് പുലി ആക്രമിച്ചു കൊലപ്പെടുത്തുന്നത്. ശനിയാഴ്‌ച വൈകിട്ട് ഏഴുമണിയോടെയാണ് കുട്ടിയെ കാണാനില്ല എന്ന പരാതിയുമായി ബന്ധുക്കള്‍ വനംവകുപ്പ് ഉദ്യോഗസ്‌ഥരെ സമീപിച്ചത്. പിന്നാലെ പോലീസും വനംവകുപ്പും നാട്ടുകാരുംചേര്‍ന്ന് കുട്ടിയെ അന്വേഷിച്ചിറങ്ങി.
വനംവകുപ്പ് നടത്തിയ പരിശോധനയില്‍ തേയിലത്തോട്ടത്തിനുള്ളില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പുള്ളിപ്പുലിയാണ് കുട്ടിയെ കടിച്ചുകൊന്നത് എന്ന സ്‌ഥിരീകരണമാണ് വനംവകുപ്പ് നല്‍കുന്നത്. പോസ്‌റ്റുമോര്‍ട്ടം നടപടികള്‍ക്കായി കുട്ടിയുടെ മൃതദേഹം വാല്‍പാറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.












































































