തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊവളം വെള്ളാർ സ്വദേശിയായ അഖിൽ (27) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ ബഡ്‌ഷീറ്റ് ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ടര വർഷം മുൻപ് സർവീസിൽ പ്രവേശിച്ച അഖിൽ തിരുവനന്തപുരം എആർ ക്യാമ്പിലാണ് ജോലി ചെയ്തിരുന്നത്. വയനാട് സ്വദേശിനിയായ യുവതിയുമായി അഖിലിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പഠനത്തിനായി തിരുവനന്തപുരത്ത് എത്തിയ യുവതി സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്ന വാടക വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി ആത്മഹത്യ ചെയ്തിരുന്നു.
യുവതിയുടെ മരണവിവരം അറിഞ്ഞ അഖിൽ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തി മൃതദേഹം കണ്ട ശേഷം രാത്രി 12.30ഓടെ വീട്ടിൽ തിരിച്ചെത്തിയതായി അന്വേഷണത്തിൽ വ്യക്തമായി. തുടര്‍ന്ന് ഇന്നലെ രാവിലെ അമ്മ കാപ്പി തയ്യാറാക്കി വിളിച്ചെങ്കിലും മുറിയിൽ നിന്നു പ്രതികരണം ഉണ്ടായില്ല. സംശയം തോന്നിയതിനെ തുടർന്ന് വാതിൽ തുറന്നുനോക്കിയപ്പോഴാണ് അഖിലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










































































