കോട്ടയം: മന്ത്രി കെ.ബി. ഗണേഷ്‌കുമാർ അടക്കമുള്ളവർ ഇപ്പോഴും ഉമ്മൻ ചാണ്ടിയെ വേട്ടയാടുകയാണെന്ന് മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഗണേഷ് പറഞ്ഞ കാര്യങ്ങൾ മുഴുവൻ അറിയുന്ന ആളാണ് താനെന്നും മുഴുവൻ കഥകളും പറയേണ്ടി വന്നാൽ എല്ലാം പറയുമെന്നും തിരുവഞ്ചൂർ പറഞ്ഞു. പുതുപ്പള്ളി പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് മധ്യമേഖലാ ജാഥയുടെ പോസ്റ്റർ കണ്ടതുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് തിരുവഞ്ചൂർ പലരും ഇപ്പോഴും ഉമ്മൻ ചാണ്ടിയെ വേട്ടയാടുകയാണെന്ന് വ്യക്തമാക്കിയത്.

ഉമ്മൻ ചാണ്ടിയെ വീണ്ടും വലിച്ചിഴക്കൻ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് ഗണേഷ് കുമാറിന് മറുപടി പറയാത്തത്. യഥാർത്ഥത്തിൽ ഇതൊക്കെ നീതിയാണോ? ഗണേഷിന്റെ എല്ലാ കഥയും അറിയാവുന്ന ആളാണ് താൻ. ഇന്നു ജീവിച്ചിരിക്കുന്നവരിൽ അതെല്ലാം അറിയാവുന്നത് തനിക്ക് മാത്രമായിരിക്കും. ഇതിന്റെ ഉൾക്കഥകൾ എല്ലാം അറിയാമെന്നും എന്തു ഗുണം കിട്ടാനാണ് ഗണേഷ് കുമാർ, ഉമ്മൻചാണ്ടിയെ വേട്ടയാടുന്നതെന്നും അദ്ദേഹം ചോദിച്ചു.














































































