കൊല്ലം: പൊലീസ് ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ സിഐ ജെയ്സൺ അലക്സ് ജീവനൊടുക്കിയത് മേലുദ്യോഗസ്ഥരുടെ സമ്മർദം കാരണമെന്ന് ജെയ്സണിന്റെ മാതാവ് ജമ്മ അലക്സാണ്ടർ. ആറ് കോടിയുടെ പ്രോജക്ട് വന്നിരുന്നു. അതിൽ ഒപ്പിടാത്തതിന്, മുകളിൽ നിന്ന് സമ്മർദ്ദം ഉണ്ടായി. എല്ലാവരും ഒപ്പിടാൻ തയ്യാറായി. അതിൽ പാളിച്ച ഉണ്ടായതുകൊണ്ട് ജെയ്സൺ ഒപ്പിട്ടില്ല എന്നായിരുന്നു ജമ്മ അലക്സാണ്ടറിൻ്റെ വെളിപ്പെടുത്തൽ. സമ്മർദ്ദവും ജോലിഭാരവും പൊലീസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് തുടച്ചു മാറ്റണം. ഒരു പൊലീസുകാരനും തൻ്റെ മകനെപ്പോലെ ബലിയാടാകാൻ പാടില്ലെന്നും ജമ്മ കൂട്ടിച്ചേർത്തു.
മകൻ തന്നോട് എല്ലാ ദു:ഖങ്ങളും പങ്കുവെക്കാറുണ്ട്. പൊലീസിൽ ജോലി ചെയ്യണമെങ്കിൽ നിഷ്കളങ്കനാക്കി വളർത്തരുതായിരുന്നു എന്നും റൗഡി ആക്കി വളർത്തണമായിരുന്നു എന്നും മകൻ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അമ്മ പറഞ്ഞു. 'മകൻ മരിച്ചതിൽ ഒരാൾക്കും പരാതി നൽകുന്നില്ല. പരാതി നൽകിയിട്ട് ഒരു കാര്യവുമില്ല. പ്രത്യേകിച്ച് പൊലീസ് ഡിപ്പാർട്ട്മെന്റിൽ എന്ത് പരാതി കൊടുത്താലും തേച്ച് മായ്ച്ചു കളയും. പരാതി നൽകിയാൽ പ്രഹസനമായി അന്വേഷിക്കും. നീതി ലഭിക്കില്ല എന്ന് അറിയാം. എല്ലാം ദൈവത്തിനു വിട്ടു നൽകി'. ജെയ്സണിന്റെ അമ്മ പറഞ്ഞു. കുണ്ടറ കാഞ്ഞിരകോട് തെങ്ങുവിള വീട്ടിൽ ജെയ്സൺ അലക്സിനെ കഴിഞ്ഞ ദിവസമാണ് വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.