കൊല്ലം: ശ്രീകോവിലില്‍ കയറി, ഇഷ്ടവഴിപാട് സ്വയം ചെയ്യാൻ അനുവാദമുള്ളൊരു ക്ഷേത്രം!. പൂജ അറിയണമെന്നില്ല, നിർദ്ദേശങ്ങള്‍ നല്‍കാൻ പ്രധാന ശാന്തിക്കാരൻ ശ്രീകോവിലിലുണ്ടാവും.
മനം നിറയുവോളം ഇഷ്ടദേവനെ സേവിക്കാമെന്ന് ഭക്തരുടെ സാക്ഷ്യം. ശാസ്താംകോട്ട ഭരണിക്കാവ് പനപ്പെട്ടി ടൗണില്‍ നിന്ന് അല്പം ഉള്ളിലേക്ക് മാറിയുള്ള കേരള വീരശൈവമഠം മഹാശിവലിംഗ, ശ്രീകൈലാസ മഹാദേവർ ക്ഷേത്രത്തിലാണ് ഭക്തർക്ക് ശ്രീകോവില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്.
പുഷ്പാഭിഷേകം, ഭസ്മാഭിഷേകം, ജലധാര, ക്ഷീരധാര, അഷ്ടാഭിഷേകം, ദമ്പതി പൂജ, രുദ്രാക്ഷ പൂജ, നെയ്യഭിഷേകം എന്നിവ ശ്രീകോവിലില്‍ കയറി സ്വയം ചെയ്യാനാവും. ഓരോന്നിനും പ്രത്യേക ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ദിവസത്തെ വ്രതം എടുത്തവരായിരിക്കണമെന്ന് നിർബന്ധം. രാവിലെ 6.30 മുതല്‍ 11 വരെയാണ് ദർശന സമയം. വെളുത്തവാവ് കഴിഞ്ഞുവരുന്ന പ്രദോഷദിവസം മാത്രം വൈകിട്ട് 5 മുതല്‍ 7.30 വരെ നട തുറക്കും.
കാശിവിശ്വനാഥ ക്ഷേത്രത്തിന്റെ മാതൃകയിലുള്ളതാണ് ക്ഷേത്രം. ശിവലിംഗം, കൈലാസം, ഗംഗാപ്രവാഹം എന്നിങ്ങളെ തട്ടുകളായി ശിവലിംഗ രൂപത്തിലാണ് ശ്രീകോവില്‍ രൂപകല്പന. വാരണാസിയില്‍ നിന്നുള്ള പ്രത്യേക ശിലയിലാണ് പ്രധാന പ്രതിഷ്ഠയായ ശിവലിംഗം നിർമ്മിച്ചത്. സന്യാസി ഭാവത്തിലാണ് ക്ഷേത്രത്തിലെ ശിവപ്രതിഷ്ഠ.
നട തുറന്നത് 2023ല്‍
ബസവേശ്വര പീപ്പിള്‍ വെല്‍ഫെയർ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയർമാൻ സുജിന്ത് രാജന്റെയും മറ്റംഗങ്ങളുടെയും നേതൃത്വത്തില്‍ 2022ല്‍ തുടങ്ങിയ ക്ഷേത്രനിർമ്മാണം 2023 ജൂലായില്‍ പൂർത്തിയായി. ദേവപ്രശ്നത്തില്‍, ശിവന്റെ മനുഷ്യാവതാരങ്ങളായ അഞ്ച് മുനിമാരില്‍ പ്രധാനിയായ രേണുകാചാര്യ മുനിയുടെയും ശിവന്റെയും സാന്നിദ്ധ്യം തെളിഞ്ഞു. തുടർന്ന് കേരളശൈവമഠം രേണുകാചാര്യന്റെ ക്ഷേത്രവും പിന്നീട് ശിവക്ഷേത്രവും നിർമ്മിച്ചു. കാശി വാരണാസി ജംഗൻവാടി മഠത്തിലെ ജഗദ്ഗുരു സ്വാമി ഡോ.ചന്ദ്രശേഖര ശിവാചാര്യ മഹാരാജിന്റെ കാർമ്മികത്വത്തിലായിരുന്നു ശിവപ്രതിഷ്ഠ
എത്തിച്ചേരാൻ
തിരുവനന്തപുരത്ത് നിന്ന്: കുണ്ടറ ശാസ്താംകോട്ട ഭരണിക്കാവ് തെറ്റിക്കുഴി ജംഗ്ഷൻ ഇവിടെ നിന്ന് ഇടത്തേക്ക് കക്കാക്കുന്ന് പോകുന്ന റൂട്ടിലൂടെ ക്ഷേത്രത്തിലെത്താം.
എറണാകുളത്ത് നിന്ന്: കായംകുളംചാരുംമൂട്ചക്കുവള്ളിതെറ്റിക്കുഴി ജംഗ്ഷൻഇവിടെ നിന്ന് വലത്തേക്ക് കക്കാക്കുന്ന് പോകുന്ന റൂട്ട്.
സാമൂഹ്യ പരിഷ്‌കർത്താവായ ബസവേശ്വരയുടെ ആശയങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ശ്രീകോവിലിനുള്ളില്‍ ആർക്കും കയറി പൂജ ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തിയത്.
സുജിന്ത് രാജൻ, ക്ഷേത്രം പ്രസിഡന്റ്,
ബസവേശ്വര പീപ്പിള്‍ വെല്‍ഫെയർ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയർമാൻ